നടുവണ്ണൂർ മടുത്തുകുനി വയലിൽ തീപിടുത്തം; തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു
നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നു
നടുവണ്ണൂർ: നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ മടുത്തുകുനി വയലിൽ വൻ തീപ്പിടുത്തം. ഇന്ന് ഉച്ചയോടെയാണ് വൻ തോതിൽ തീപിടുത്തം ഉണ്ടായത്. വയലിലെ ഉണങ്ങിയ പുല്ലിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. പിന്നീട് ശക്തമായ കാറ്റിലും വെയിലിലും ഈ നാളങ്ങൾ പെട്ടെന്ന് പടരുകയായിരുന്നു. വിവരമറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും അഗ്നിശമന സേനയും സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള തീവ്രശ്രമം ആരംഭിച്ചു.
വയൽ പ്രദേശമായതിനാൽ ഫയർ ഫോഴ്സ് വാഹനങ്ങൾക്ക് അവിടേക്ക് എത്തിച്ചേരാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ തീയണയ്ക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. തീ സമീപത്തെ പറമ്പുകളിലേക്കോ ജനവാസ മേഖലയിലേക്കോ പടരാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് അധികൃതരും നാട്ടുകാരും. നിലവിൽ തീ നിയന്ത്രണവിധേയമാക്കാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.

