ക്ഷേത്രോത്സവത്തിനിടെ എൽഡിഎഫ് സ്ഥാനാർഥി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ക്കെതിരെ കയ്യേറ്റശ്രമം
പ്രവർത്തകർ ശാന്തത പാലിക്കണമെന്നും പ്രകോപനങ്ങളിൽ വീഴരുതെന്നും അദ്ദേഹം
മണിയൂർ : തിരുവിലെ ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ എൽഡിഎഫ് സ്ഥാനാർഥിയായ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർക്കെതിരെ കയ്യേറ്റശ്രമം നടന്നതായി പരാതി. വോട്ടർമാരെ നേരിൽ കണ്ടു പിന്തുണ അഭ്യർഥിക്കാൻ എത്തിയപ്പോഴാണ് യുഡിഎഫ് പ്രവർത്തകർ ആക്രമണശ്രമം നടത്തിയതെന്നാണ് ആരോപണം.മണിയൂർ തിരുവിലെ ഗണപതി ക്ഷേത്രം പ്രദേശത്തെ പ്രമുഖ ആരാധനാലയങ്ങളിൽ ഒന്നാണ് ' എല്ലാ വർഷവും ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ വലിയ ജനസാന്നിധ്യം ഉണ്ടാകാറുണ്ട്. ഇത്തവണയും ഭക്തജനങ്ങളുടെ അഭ്യർഥന പ്രകാരം ക്ഷേത്രം സന്ദർശിച്ചിരുന്നുവെന്നും, ചടങ്ങുകളിൽ പങ്കെടുത്ത് ഭക്തരുമായി സംവദിച്ചതായും കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വ്യക്തമാക്കി.
ഉത്സവ പരിപാടികൾക്ക് ശേഷം ക്ഷേത്രത്തിൽ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് സംഭവമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. “ബോധപൂർവം ചിലർ എന്റെ വാഹനത്തെയും കൂടെയുണ്ടായിരുന്ന ക്യാമറ സംഘത്തെയും ലക്ഷ്യമാക്കി ആക്രമിക്കാൻ ശ്രമിച്ചു. അതിന് പിന്നാലെയാണ് എനിക്കെതിരെയും കയ്യേറ്റശ്രമം ഉണ്ടായത്,” എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മണ്ഡലത്തിൽ സമാധാനപരമായ അന്തരീക്ഷമാണ് നില നിൽക്കുന്നതെന്നും, അത് തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നുമാണ് കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അഭിപ്രായപ്പെട്ടത്. പ്രവർത്തകർ ശാന്തത പാലിക്കണമെന്നും പ്രകോപനങ്ങളിൽ വീഴരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

