പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ
ഇന്നലെ പുലർച്ചെയോടെയായിരുന്നു വീടിന് നേരെ ബോംബേറുണ്ടായത്
കണ്ണൂർ: കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. കണ്ണവം പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഓഫീസർ യു.പി. അർജുന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ കോളയാട് സ്വദേശി കെ. രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി. ജിതിൻ എന്നിവരെ കണ്ണവം പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ കെ. രാഹുൽ എസ്‌ഡിപിഐ പ്രവർത്തകൻ സലാഹുദ്ദീൻ വധക്കേസിലെ പ്രതികൂടിയാണെന്ന് പോലീസ് അറിയിച്ചു.
ഇന്നലെ പുലർച്ചെയോടെ ആയിരുന്നു അർജുന്റെ വീടിന് നേരെ ബോംബേറുണ്ടായത്. എറിഞ്ഞ ബോംബ് പൊട്ടി തെറിക്കാതിരുന്ന തിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പോലീസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബത്തെയും ലക്ഷ്യം വെച്ചുള്ള ഇത്തരം അക്രമങ്ങൾ ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

