ക്രൂഡ് ഓയിൽ വില കുറയുന്നു
യു എസ് ഇറാൻ കരാറിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ദിവസേന കുറയുന്നു.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില മൂന്നുമാസത്തിനിടെ ആദ്യമായി 80 ഡോളറിൽ താഴെയെത്തി. അമേരിക്കയും ഇറാനും തമ്മിൽ സമാധാനത്തിന് ധാരണയായതോടെ ഹോർമുസ് കടലിടുക്ക് തുറക്കുമെന്ന പ്രതീക്ഷയിലാണ് എണ്ണ വില കുറഞ്ഞിരിക്കുന്നത്.യുഎസും ഇറാനും തമ്മിൽ ഇടക്കാല കരാർ ഒപ്പുവെച്ചതിനെ തുടർന്ന് ഹോർമുസ് തുറക്കുന്നതോടെ വിപണിയിലേക്ക് കൂടുതലായി എണ്ണ എത്തിത്തുടങ്ങും. അതിനിടെ ലെബനനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ സമാധാന കരാറിന് ഭീഷണിയായി ഉയർന്നുവരുന്നുണ്ട്.ബുധനാഴ്ച ബ്രെന്റ് ക്രൂഡ് വീപ്പയ്ക്ക് 78.25 ഡോളർ നിലവാരത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വ്യാപാരത്തിനിടെ 78 ഡോളറിലേക്ക് കുറയുകയും ചെയ്തിരുന്നു. വെസ്റ്റ് ടെക്സസ് ക്രൂഡ് 76 ഡോളർ നിലവാരത്തിലേക്കെത്തി. മൂന്നു മാസത്തോളമായി ഹോർമുസ് കടലിടുക്കു വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടതോടെ മിക്ക രാജ്യങ്ങളുടെയും എണ്ണ കരുതൽ ശേഖരത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. ഹോർമുസ് തുറന്നാൽ ആദ്യംതന്നെ ശേഖരം ഉയർത്തുന്നതിനായിരിക്കും ശ്രമം നടക്കുക. ഗൾഫിൽനിന്ന് എണ്ണ അന്താരാഷ്ട്ര വിപണിയിലേക്ക് എത്തി ത്തുടങ്ങിയാൽ മാത്രമേ ശേഖരം ഉയർത്താനാകൂ. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുകയാണെങ്കിലും ആഭ്യന്തരവിപണിയിൽ പെട്രോൾ, ഡീസൽ വില കുറയാൻ കൂടുതൽ കാത്തിരിക്കേണ്ടി വന്നേക്കും. ഇറാനും അമേരിക്കയും തമ്മിൽ യുദ്ധം അവസാനിപ്പിച്ച് സമാധാനം ശാശ്വതമായി നടപ്പാക്കുകയും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില താഴേക്ക് വരുകയുള്ളു. എണ്ണ വില ഏറെ കൂടിയതിനു ശേഷമാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ കൂട്ടിയത്. ഈ സമയത്ത് കമ്പനികൾക്കുണ്ടായ സാമ്പത്തികസമ്മർദം പരിഹരിക്കപ്പെട്ട ശേഷം മാത്രമേ ഇനി വില കുറയ്ക്കാൻ സാധ്യതയുള്ളൂവെന്ന് സാമ്പത്തിക വിദഗ്‌ധർ പറയുന്നു.

