കോഴിക്കോട് , തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് 20 കോടി
ബഡ്ജറ്റിൽ കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോക്ക് 20 കോടി,ജൻസി ടെക് 50 കോടി മലയാളം എ ഐ 10 കോടി
തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് തുക.
യുവതലമുറയുടെ സാങ്കേതിക മികവ് പ്രയോജനപ്പെടുത്തുന്നതിനായി ജൻസി ആൻഡ് ന്യൂജൻ ടെക്നോളജി വികസനത്തിന് 50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റോബട്ടിക്സ്, ഡാറ്റാ സയൻസ്, ഇൻറർനെറ്റ് ഓഫ് തിങ്സ്, വർച്വൽ റിയാലിറ്റി തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ, ഇന്നവേഷൻ ഹബ്ബുകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ വികസിപ്പിക്കാനാണ് ഈ തുക വിനിയോഗിക്കുക. ഡിജിറ്റൽ ധാർമികതയ്ക്കും സൈബർ സുരക്ഷയ്ക്കും ഇതിൽ മുൻഗണന നൽകും.
മലയാളം ഭാഷയുടെ വികസനത്തിനായി മലയാളം എ ഐ സംരംഭം ആരംഭിക്കും. ഇതിനായി 10 കോടി രൂപ വകയിരുത്തി. ഓപ്പൺ ഡാറ്റാ സെറ്റ് സൗജന്യമായി ലഭ്യമാക്കിയും മലയാളം എ ഐ മാതൃകകൾ വികസിപ്പിച്ചും ഭാഷയെ നിർമ്മിത ബുദ്ധിയുടെ യുഗത്തിൽ പിന്തള്ളപ്പെടാതെ സംരക്ഷിക്കുകയാണ് ലക്ഷ്യം.

