മതിയായ വരുമാനമുള്ള ഭാര്യയ്ക്ക് ജീവനാംശത്തിന് അർഹതയില്ലെന്ന് കോടതി.
ഭാര്യയ്ക്ക് സ്വന്തമായി വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവുമുണ്ടെങ്കിൽ ഭർത്താവിൽ നിന്നും ജീവനാംശത്തിന് അർഹതയില്ലെന്ന് കർണാടക ഹൈക്കോടതി.
ബെംഗളൂരു: ഭാര്യയ്ക്ക് സ്വന്തമായി മതിയായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കില്‍ ഭര്‍ത്താവില്‍ നിന്ന് ജീവനാംശം ലഭിക്കാന്‍ അവകാശമില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ജീവനാംശം അനുവദിക്കുമ്പോള്‍ സ്ത്രീയാണെന്ന ഒറ്റ കാരണത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാനാകില്ല. ഇരുകക്ഷികളുടെയും സാമ്പത്തിക സാഹചര്യം, വരുമാനം, ജീവിതനിലവാരം എന്നിവ സമഗ്രമായി പരിശോധിക്കണമെന്നും കോടതി നിരീക്ഷിച്ചു.
ഗാര്‍ഹിക പീഡന നിയമം, ഹിന്ദു ദത്തെടുക്കലും ജീവനാംശവും സംബന്ധിച്ച നിയമം, ക്രിമിനല്‍ പ്രൊസീജര്‍ കോഡ് എന്നിവ പ്രകാരം ഹരജി നല്‍കിയെന്ന കാരണത്താല്‍ മാത്രം ഭര്‍ത്താവ് ജീവനാംശം നല്‍കണമെന്ന് നിര്‍ബന്ധിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഓരോ കേസും അതിന്റെ പ്രത്യേക സാഹചര്യങ്ങളും തെളിവുകളും വിലയിരുത്തിയാണ് തീരുമാനിക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി.

