വടക്കൻ കേരളത്തിൽ ശക്തമായ മഴയിൽ നാശനഷ്ടങ്ങൾ
കാസർക്കോടും കോഴിക്കോടും മണ്ണിടിഞ്ഞ് അപകടം, കണ്ണൂർ മയിൽ പേലീസ് സ്റ്റേഷന്റെ മേൽക്കൂര തകർന്നു.
തിരുവനന്തപുരം:കാസർഗോഡും കോഴിക്കോടും ഉണ്ടായ മണ്ണിടിച്ചിലില്‍ ആളുകള്‍ക്ക് പരിക്കേറ്റു. കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയില്‍ മണ്ണിടിഞ്ഞ് യാത്രക്കാരുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഈ സമയം റോഡിലൂടെ പോവുകയായിരുന്ന കാർ യാത്രക്കാർക്കും ഒരു ബൈക്ക് യാത്രക്കാരനും അപകടത്തില്‍ പരിക്കേറ്റു.
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയെത്തുടർന്ന് മണ്ണിടിച്ചില്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കനത്ത മഴയില്‍ കാസർഗോഡ് കീഴൂർ കടപ്പുറത്തെ ശാരികയുടെ വീട് തകർന്നു. രാവിലെ 7 മണിയോടെയായിരുന്നു സംഭവം. ശക്തമായ മഴയിലും കാറ്റിലും കണ്ണൂർ മയ്യില്‍ പോലീസ് സ്റ്റേഷൻ്റെ മേല്‍ക്കൂര തകർന്നു വീണു. ഓടുകള്‍ ഇളകി താഴേക്ക് വീണെങ്കിലും സ്റ്റേഷനിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് സമീപമുണ്ടായിരുന്ന വലിയ മരം മുറിഞ്ഞു വീണും അപകടമുണ്ടായി. പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ജപമാല രാജ്ഞി എന്ന മത്സ്യബന്ധന വള്ളം ശക്തമായ തിരമാലകളില്‍പ്പെട്ട് കടലില്‍ അപകടത്തില്‍പ്പെട്ടു. വള്ളം മറിഞ്ഞ് കടലില്‍ വീണ തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ വാടക വള്ളത്തിലുണ്ടായിരുന്ന ലൈഫ് ഗാർഡുമാർ രക്ഷപ്പെടുത്തി.

