കാർ റോഡിൽ നിർത്തി ജൂസ് കുടിക്കാൻ പോയത് ഗതാഗത കുരുക്കുണ്ടാക്കി.
വിതുര കലങ്ക് ജങ്ഷനിൽ ഉണ്ടായ ഗതാഗത കുരുക്ക് 20 മിനിറ്റോളം യാത്രക്കാരെ കുരുക്കിലാക്കി.
വിതുര: വിതുര കലുങ്ക് ജങ്ഷനിൽ ഉണ്ടായ ഗതാഗതക്കുരുക്കിന് കാരണം അന്വേഷിച്ചപ്പോൾ യാത്രക്കാർ ഞെട്ടി. ഗതാഗതകുരുക്കിന് കാരണം റോഡിന്റെ നടുക്ക് കാർ പാർക്ക് ചെയ്ത ശേഷം ഡ്രൈവർ ജ്യൂസ് കുടിക്കാൻ പോയതാണ്. ഇന്നലെ വൈകിട്ട് 5.15-നായിരുന്നു സംഭവം. കലുങ്ക് ജങ്ഷൻ-പാലോട് റോഡിലെ ഹോട്ടലിന് മുന്നിൽ കാർ പാർക്ക് ചെയ്തിട്ടാണ് ഡ്രൈവർ പോയത്. പാർക്ക് ചെയ്തതാകട്ടെ റോഡിന്റെ മധ്യഭാഗത്തുമായിരുന്നു. എതിരെവന്ന സ്വകാര്യ ബസും നെടുമങ്ങാട് റോഡിൽ നിന്നും പാലോട് ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസും വന്നതോടെ ഗതാഗതം നിലച്ചു. ബസുകളുടെ പിന്നിലായി മറ്റു വാഹനങ്ങളും കുടുങ്ങി. പാലോട് റോഡിലെ ബസ് ഷെൽട്ടർ വരെയും പൊന്മുടി റോഡിലെ തയ്ക്കാപ്പള്ളി വരെയും നെടുമങ്ങാട് റോഡിലെ പോസ്റ്റ് ഓഫിസ് ജങ്ഷൻ വരെയും വാഹനങ്ങളുടെ നിര രൂപപ്പെട്ടു.
ജങ്ഷനിൽ ഉണ്ടായിരുന്നവർ ഗതാഗതക്കുരുക്ക് സൃഷ്ടിച്ച കാർ ഉടമയെ തേടി പരക്കം പാഞ്ഞു. ജങ്ഷനിലെ തന്നെ ഒരു കടയിൽ ജ്യൂസ് കുടിച്ചുകൊണ്ടിരുന്ന ഡ്രൈവറെ തപ്പിപ്പിടിച്ച് വാഹനം മാറ്റിച്ച ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. 20 മിനിറ്റോളമാണ് ഗതാഗതം നിലച്ചത്.

