headerlogo
breaking

ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ സംസ്ഥാനത്തെ സദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന

പ്രോജക്ട് സിറോ യുടെ ഭാഗമായി കെട്ടിട നിർമ്മാണ അനുമതിയുമായി ബന്ധപ്പെട്ട് സദ്ദേശസ്ഥാപനങ്ങളിലെ അഴിമതികൾ കണ്ടെത്തുന്നതിന് ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ വിജിലൻസ് മിന്നൽ പരിശോധന ഇന്ന് നടത്തി.

 ഓപ്പറേഷൻ പാർപ്പിടം എന്ന പേരിൽ സംസ്ഥാനത്തെ സദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന
avatar image

NDR news

22 Jul 2026 04:41 PM

തിരുവനന്തപുരം : “പ്രോജക്ട് സീറോ” യുടെ ഭാഗമായി വിജിലൻസിന്റെ സംസ്ഥാനതല മിന്നൽ പരിശോധന: - കെട്ടിട നിർമ്മാണ അനുമതിയും അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണവുമായും ബന്ധപ്പെട്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നടന്നുവരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിന് ‘ഓപ്പറേഷൻ പാർപ്പിടം’ വുമായി വിജിലൻസ്.

         സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കെട്ടിട നിർമ്മാണ അനുമതി, ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നമ്പർ അനുവദിക്കൽ, കെട്ടിട നികുതി നിർണയം, അനധികൃത നിർമ്മാണങ്ങളുടെ ക്രമവത്കരണം എന്നിവയുമായി ബന്ധപ്പെട്ട് നടന്നുവരുന്ന അഴിമതിയും ക്രമക്കേടുകളും കണ്ടെത്തുന്നതിനായി “ഓപ്പറേഷൻ പാർപ്പിടം” എന്ന പേരിൽ ഇന്ന് (22.07.2026) രാവിലെ 10.30 മണി മുതൽ വിജിലൻസ് ഒരു സംസ്ഥാനതല മിന്നൽ പരിശോധന നടത്തിവരുന്നു.

       അഴിമതി വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന “പ്രോജക്ട് സീറോ” പദ്ധതിയുടെ ഭാഗമായി, വിവിധ സർക്കാർ ഓഫീസുകളിലെ സേവന-വിതരണ സംവിധാനങ്ങളിലെ അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി തടയുന്നതിനുള്ള പ്രോ-ആക്ടീവ് വിജിലൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി, വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ്. ന്റെ നിർദ്ദേശപ്രകാരമാണ് ഇന്ന് മിന്നൽ പരിശോധന നടന്നു വരുന്നത്. 

         സംസ്ഥാനത്തെ വിവിധ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിൽ കെട്ടിട നിർമ്മാണാനുമതി നൽകൽ, നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾക്ക് ഒക്കുപ്പൻസി സർട്ടിഫിക്കറ്റ് അനുവദിക്കൽ, കെട്ടിട നമ്പർ അനുവദിക്കൽ, കെട്ടിട നികുതി നിർണയം, അനധികൃത നിർമ്മാണങ്ങൾക്ക് യു.എ.സി. നമ്പർ അനുവദിച്ച് നികുതി ഈടാക്കൽ, ക്രമവത്കരണ നടപടികൾ സ്വീകരിക്കൽ എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടക്കുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് അനുമതിയില്ലാതെ അധിക നിലകൾ നിർമ്മിക്കൽ, നിർബന്ധമായ സെറ്റ്ബാക്ക്, ഫ്ലോർ ഏരിയ റേഷ്യോ, കവറേജ്, പാർക്കിംഗ്, അഗ്നിസുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയ നിയമപരമായ വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമ്മാണങ്ങൾക്ക് ചില ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി അനുമതി നൽകുന്നതായും, ഒക്കുപ്പൻസി സർട്ടിഫിക്കറ്റും കെട്ടിട നമ്പരും അനുവദിക്കുന്നതിനും അനധികൃത നിർമ്മാണങ്ങൾ ക്രമവത്കരിക്കുന്നതിനുമായും കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് പവർത്തിക്കുന്ന ചില സ്വകാര്യ കൺസൾട്ടൻസികൾ ഇടനിലക്കാരായി പ്രവർത്തിച്ച് ഉദ്യോഗസ്ഥർക്കുള്ള കൈക്കൂലി അപേക്ഷകരിൽ നിന്നും കൈപ്പറ്റി ഓൺലൈൻ/യു.പി.ഐ. ഇടപാടുകൾ മുഖേന കൈമാറുന്നതായും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമാണ് സംസ്ഥാനത്തെ 6 മുനിസിപ്പൽ കോർപ്പറേഷനുകളിലും, തിരഞ്ഞെടുത്ത 30 മുനിസിപ്പാലിറ്റികളിലും, 24 ഗ്രാമപഞ്ചായത്തുകളിലുമായി 68 ഓഫീസുകളിലാണ് ഇന്ന് ഒരേസമയം "ഓപ്പറേഷൻ പാർപ്പിടം" എന്ന പേരിൽ സംസ്ഥാനതല മിന്നൽ പരിശോധന നടത്തിവരുന്നത്.

       പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ, വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 എന്ന നമ്പറിലോ, 8592900900 എന്ന നമ്പറിലോ, വാട്ട്സ്ആപ്പ് നമ്പറായ 9447789100 എന്ന നമ്പറിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ശ്രീ. മനോജ് എബ്രഹാം ഐ.പി.എസ് അഭ്യർത്ഥിച്ചു.

NDR news
22 Jul 2026 04:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents