സംസ്ഥാനത്ത് മഴ ശക്തമാകുന്നു, രണ്ടു മരണം
പത്തനംതിട്ട ഇടുക്കി ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഒരാളെ കാണാതായി. ഇടുക്കിയിലും പത്തനംതിട്ടയിലും ചെറിയ ഉരുൾ പൊട്ടലുകളുണ്ടായി.
തൊടുപുഴ: സംസ്ഥാനത്ത് ശക്തമായ മഴ. മലയോര മേഖലയിലുണ്ടായ അതിശക്തമായ മഴയെത്തുടർന്ന് ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലും ഉണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പേർ മരിക്കുകയും ഒരാളെ കാണാതാവുകയും ചെയ്തു. ഇടുക്കിയിലും പത്തനംതിട്ടയിലുമാണ് മരണമുണ്ടായത്.
മഷിക്കല്ലേൽ രവി നാരയണന്റെ ഭാര്യ സുമതിയാണ് മരിച്ചത്. ഇവരുടെ മകൻ രതീഷിനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. പൂഞ്ഞാർ പയ്യാനിത്തോട്ടം മണപ്പാട്ട് ജോണിയുടെ മകൻ ജോസഫാണ് മരിച്ച രണ്ടാമത്തെയാൾ.
പത്തനംതിട്ട, കോട്ടയം ജില്ലകളുടെ കിഴക്കൻ പ്രദേശങ്ങളിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായി. പമ്പ, മണിമല, മീനച്ചിൽ നദികൾ കരകവിഞ്ഞു. റാന്നി, മണിമല, ഈരാറ്റുപേട്ട, പാലാ പ്രദേശങ്ങളിൽ പ്രധാന റോഡുകൾ ഉൾപ്പെടെ മുങ്ങി. ഇടുക്കി ജില്ലയിലും മണ്ണിടിച്ചിലും ഉരുൾ പൊട്ടലുണ്ടായി.
വണ്ടിപ്പെരിയാർ ഉൾപ്പെടെ പല പ്രദേശങ്ങളിലും റോഡിൽ വെള്ളം കയറി. മൂന്നു ജില്ലയിലും പലയിടത്തും ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കൊട്ടാരക്കര- ദിണ്ടുഗൽ ദേശീയ പാതയിലും മണ്ണിടിഞ്ഞ് ഗതാഗത സ്തംഭിച്ചു. വെള്ളിയാഴ്ച വൈകീട്ട് മുതൽ മലയോര മേഖലകളിൽ ശക്തമായ മഴയാണ്. മഴ മുന്നറിയിപ്പുകളെ തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, മലപ്പുറം,പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അവധി.

