പഞ്ചാബിൽ ടൂറിസ്റ്റ് ബസ് അപകടം മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
കോളേജിൽ നിന്ന് പഠന യാത്രയ്ക്ക് പോയ ബസ് മറിഞ്ഞ് കോട്ടയം കടുത്തുരുത്തി സ്വദേശിനിയും എംബിഎ വിദ്യാർത്ഥിനിയുമായ ജോസ്ന ജോർജ് (22) ആണ് മരിച്ചത്
കടുത്തുരുത്തി: പഞ്ചാബിൽ പഠനയാത്രയ്ക്കു പോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് മറിഞ്ഞുണ്ടായ അപകടത്തിൽ കടുത്തുരുത്തി സ്വദേശിനിയായ വിദ്യാർഥിനിയടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം. പഞ്ചാബ് ലൗലി പ്രൊഫഷണൽ സർവകലാശാല രണ്ടാം വർഷ എം.ബി.എ. ലോജിസ്റ്റിക്‌സ് വിദ്യാർഥിനി കടുത്തുരുത്തി പൂഴിക്കോൽ കൊരക്കാലായിൽ ജോസ്‌ന ജോർജ്(22)ആണ് മരിച്ചത് . പഞ്ചാബിലെ ജലന്ധറിൽ ഇന്ന് രാവിലെ ഇവർ സഞ്ചരിച്ചിരുന്ന ബസ് അപകടത്തിൽപ്പെടുകയായിരുന്നു.അപകടത്തിൽപ്പെട്ട ബസിൽനിന്ന് പുറത്തേക്ക് തെറിച്ച് വീണ ജോസ്‌ന ഉൾപ്പെടെയുള്ളവരുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു.
റിട്ട. പോലീസുകാരനായ ജോർജിന്റെയും സ്വപ്നയുടെയും മകളാണ് ജോസ്ന. അപകടവിവരം അറിഞ്ഞ് ജോസ്‌നയുടെ പിതാവും മറ്റ് ബന്ധുക്കളും പഞ്ചാബിലേക്ക് പുറപ്പെട്ടു. സഹോദരങ്ങൾ ജോഫിൻ, ജോസ്ഫിൻ.

