വാട്സപ്പ് , ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പണിമുടക്ക്; സക്കർബർഗിനു നഷ്ടം 52,246 കോടി രൂപ
ഇന്നലെ രാത്രി 9 മുതൽ മൂന്ന് ആപ്പുകളും പണിമുടക്കുകയായിരുന്നു.

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സപ്പ് എന്നിവ ഇന്നലെ 7 മണിക്കൂറോളം പണിമുടക്കിയതോടെ ഉടമയായ മാർക്ക് സക്കർബർഗിന് നഷ്ടമായത് 7 ബില്യൻ ഡോളർ (52,246 കോടി രൂപയിലധികം). ഇന്നലെ രാത്രി 9 മുതൽ മൂന്ന് ആപ്പുകളും പണിമുടക്കുകയായിരുന്നു.
ഫേസ്ബുക്കിൻ്റെയും മറ്റും സേവനം തടസപ്പെട്ടതോടെ ഇവയുടെ ഓഹരിവില 4.9 ശതമാനമായി കുറഞ്ഞു.
ഭീമമായ ഈ നഷ്ടത്തോടെ ശതകോടീശ്വരന്മാരുടെ പട്ടികയിലും സക്കർബർഗ് പിന്നിലായി. നിലവിൽ ബിൽ ഗേറ്റ്സിനു പിറകിൽ അഞ്ചാം സ്ഥാനത്താണ് സക്കർബെർഗ്. ടെസ്‌ല, സ്പേസ് എക്സ് ഉടമ ഇലോൺ മസ്ക്, ആമസോൺ ഉടമ ജെഫ് ബെസോസ് എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ഫ്രഞ്ച് വ്യവസായി ബെർനാൾഡ് അർനോൾട്ട് മൂന്നാം സ്ഥാനത്താണ്.
7 മണിക്കൂർ നീണ്ട സേവന തടസത്തിനുശേഷമാണ് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്‌സാപ്പ് എന്നിവ തിരിച്ചെത്തിയത്. ചില സാങ്കേതിക കാരണങ്ങളാൽ പ്രവർത്തന തടസം നേരിട്ടതായി ഫേസ്ബുക്ക് ട്വീറ്റ് ചെയ്തിരുന്നു. ഫേസ്ബുക്ക് സി.ഇ.ഒ മാർക് സുക്കർബെർഗും സേവനങ്ങൾ തടസപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നു.