പൂവിപണി കൊഴുക്കുന്നു; മുല്ലപ്പൂവിന് പൊന്നുംവില
കിലോഗ്രാമിന് നാലായിരം രൂപയാണ് ഇന്നത്തെ വിപണി വില
കോഴിക്കോട്: ഓണമെത്തിയതോടെ പൂവിപണി പൊടിപൊടിക്കുകയാണ്. പൂക്കളുടെ വിലയും കുതിച്ചുയർന്നു. വീട്ടുമുറ്റത്ത് വളർത്തുന്ന മുല്ലപ്പൂവിൻ്റെ വില കേട്ടാൽ ഞെട്ടും. കിലോഗ്രാമിന് നാലായിരം രൂപയാണ് ഇന്നത്തെ വിപണി വില. മുഴത്തിന് നൂറു രൂപ!
ഓണാഘോഷം ആരംഭിച്ചതോടെയാണ് പൂവില കുതിച്ചുയർന്നത്. ഇറക്കുമതി ചെയ്യുന്ന പൂക്കളാണ് ഇന്ന് വിപണി കീഴടക്കിയിരിക്കുന്നത്. നിലവിൽ കേരളത്തിൽ മുല്ലപ്പൂക്കൾ കൃഷി ചെയ്യാത്തതും ആവശ്യക്കാർ കൂടിയതുമാണ് വില ഉയരാനിടയായത്. ദിവസങ്ങളുടെ വ്യത്യാസത്തിലാണ് വില മൂവായിരത്തിൽ നിന്നും നാലായിരത്തിൽ എത്തിയത്.
തമിഴ്നാട്ടിൽ നിന്നാണ് പൂക്കൾ വിപണിയിൽ എത്തുന്നത്. ഇത്തവണ തമിഴ്നാട്ടിലും മഴ കനത്തതോടെ പലയിടങ്ങളിലും പൂക്കൃഷി നശിച്ചു. ഇതോടെ വില വർദ്ധിക്കുകയായിരുന്നു. മഴ കാരണം മുല്ലമൊട്ടുകൾ പെട്ടെന്ന് ചീയുന്നതും തിരിച്ചടിയായി. വരുന്ന മുല്ലപ്പൂ പിഞ്ചായതിനാൽ കെട്ടാനും പ്രയാസമാണ്.

