സ്മാർട്ട് ഫോണിൽ നിയന്ത്രണം; നിയമ നിർമ്മാണം ഉടൻ
നിയമം നിലവിൽ വരുന്നതോടെ പല ആപ്പുകളും സ്മാർട്ട് ഫോണുകളിൽ നിന്നും അപ്രത്യക്ഷമാകും.

ന്യൂഡൽഹി:സ്മാർട്ട് ഫോണുകളുടെ സുരക്ഷ വർദ്ധിപ്പിക്കാൻ നിയമനിർമ്മാണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. കേന്ദ്ര ഐ ടി മന്ത്രാലയമാണ് നിയമത്തിൻെറ കരട് തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ച വിവരങ്ങൾ വൻതോതിൽ ചോരുന്നതിന് പല ആപ്പുകളും കാരണമാകുന്നുണ്ട്. ഇത് രാജ്യ സുരക്ഷയെ തന്നെ ബാധിക്കു എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് പുതിയ നിയമ നിർമ്മാണത്തിന് സർക്കാർ ആലോചിക്കുന്നത്.
സ്മാർട്ട്ഫോണുകൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ടിക്ടോക് അടക്കം മുന്നൂറോളം ചൈനീസ് ആപ്പുകൾ നേരത്തെ ഇന്ത്യ നിരോധിച്ചിരുന്നു. ഇന്തോ ചൈന അതിർത്തി സംഘർഷത്തെ തുടർന്നായിരുന്നു നിരോധനം. പല രാജ്യങ്ങളും ചൈനീസ് ആപ്പുകൾ നിരോധിച്ചിട്ടുണ്ട്. പല ആപ്പുകളും ഫോണിൽ നിന്ന് നീക്കം ചെയ്യാൻ കഴിയാത്ത വിധമാണ് സംവിധാനം ചെയ്തിരിക്കുന്നത്. പുതിയ നിയമ പ്രകാരം സ്മാർട് ഫോൺ നിർമ്മാതാക്കൾ ആപ്പുകൾ നീക്കം ചെയ്യാനുള്ള ഓപ്ഷൻ കൂടി നൽകേണ്ടി വരും.
നിയമം നിലവിൽ വന്ന് ഒരു വർഷത്തിനുള്ളിൽ സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനികൾ ഇത് നടപ്പാക്കണം. കഴിഞ്ഞ മാസം എട്ടാം തീയതി പുതിയ നിയമം സംബന്ധിച്ച് കേന്ദ്ര ഐടി മന്ത്രാലയത്തിൽ ഉന്നതതല യോഗം നടന്നതായി 'ദ എക്കണോമിക് ടൈംസ്' റിപ്പോർട്ട് ചെയ്തു. നിയമം എത്രയും വേഗം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാരിന്റെ നീക്കം. പ്രമുഖ സ്മാർട് ഫോൺ നിർമ്മാണ കമ്പനികളിലെ ഉദ്യോഗസ്ഥരുമായും സർക്കാർ ചർച്ച നടത്തി കഴിഞ്ഞു. നിയമം നിലവിൽ വരുന്നതോടെ പല ആപ്പുകളും സ്മാർട് ഫോണുകളിൽ നിന്നും അപ്രത്യക്ഷമാകും.