ഹോംഷോപ്പ് പദ്ധതിയെ സഹായിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്കരിക്കണം : ഡോ. തോമസ് ഐസക്ക്
സഹകരണ പ്രസ്ഥാനവുമായും പദ്ധതിയെ ബന്ധിപ്പിക്കണം

കന്നൂര്: കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി അനന്യമായ ഒരു വികസന മാതൃകയാണ്. പ്രാദേശികമായി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പ്രാദേശികമായി നിർമ്മിക്കപ്പെടുന്ന തനത് ഉൽപ്പന്നങ്ങളുടെ വിപണനം വളരെ എളുപ്പത്തിൽ സാധ്യമാക്കുകയും അതുവഴി പ്രാദേശിക സാമ്പത്തിക വികസനം സാധ്യമാക്കുകയും ചെയ്യുന്ന ഹോംഷോപ്പ് പദ്ധതിയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കഴിയാവുന്ന തരത്തിൽ സഹായിക്കണമെന്ന് ഡോ. തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. സഹകരണ പ്രസ്ഥാനവുമായും പദ്ധതിയെ ബന്ധിപ്പിക്കണം. ഉൽപാദന യൂണിറ്റുകൾക്ക് അസംസ്കൃത സാധനങ്ങൾ മൊത്തമായി ലഭ്യമാക്കുന്നതിന് സഹകരണ സംഘങ്ങളുമായി ബന്ധപ്പെടുത്തി പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കണ മെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ പ്രവർത്തനങ്ങളെ ക്കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് വേണ്ടി പദ്ധതിയുടെ കന്നൂരിലുള്ള ജില്ലാ ഓഫീസ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹോംഷോപ്പ് ഉടമകളുടെ പ്രതിനിധികൾ, കമ്യൂണിറ്റി ഫെസിലിറ്റേറ്റർമാർ, ഉൽപ്പാദന യൂണിറ്റ് അംഗങ്ങൾ, മാനേജ്മെൻറ് ടീം അംഗങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരുമായി അദ്ദേഹം ആശയവിനിമയം നടത്തി.
ഫാത്തിമ കൂരാച്ചുണ്ട് , സുനിത നല്ലാശ്ശേരി, ഗ്രേസി കൂടരഞ്ഞി, ജോളി ജിജോ പുതുപ്പാടി, ഷംസീല, സജിത ചേളന്നൂർ, പുഷ്പ കക്കോടി,സുജാത കക്കോടി, ദിനിഷ കുരുവട്ടൂർ തുടങ്ങിയവർ സംസാരിച്ചു. പ്രസാദ് കൈതക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിന് മഞ്ജുള ടി.കെ സ്വാഗതവും സതീശൻ സ്വപ്നക്കൂട് നന്ദിയും രേഖപ്പെടുത്തി.