സ്വർണ വില പവന് ഒരു ലക്ഷത്തിലേക്ക്; ഇന്നും വില കയറി
ആഗോള സാഹചര്യങ്ങളാണ് സ്വർണവില കുതിച്ചുയരാൻ കാരണം

മുംബൈ: ആഭരണപ്രേമികളുടെയും വിവാഹം ഉൾപ്പെടെയുള്ള വിശേഷ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും നെഞ്ചിൽ ആശങ്കയുടെ പെരുമഴപ്പെയ്ത്തായി സ്വർണ വിലയുടെ കുതിച്ചുകയറ്റം. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻ 85,000 രൂപ ഭേദിച്ചു. കഴിഞ്ഞ 2 വർഷംകൊണ്ട് കേരളത്തിൽ പവൻ വില ഇരട്ടിയായാണ് വർധിച്ചത്. ശരാശരി 40,000 രൂപയായിരുന്നു 2023ന്റെ തുടക്കത്തിൽ വില.
ഇന്ന് 680 രൂപ ഉയർന്ന് പവൻ 85,360 രൂപയിലെത്തി. ഇക്കഴിഞ്ഞ 23ന് രേഖപ്പെടുത്തിയ 84,840 രൂപയെന്ന റെക്കോർഡ് ഇനി വെറും പഴങ്കഥ. ഗ്രാം വില 85 രൂപ മുന്നേറി 10,670 രൂപയായി. 18 കാരറ്റ് സ്വർണവില ഗ്രാമിന് 70 രൂപ വർധിച്ച് സർവകാല ഉയരമായ 8,840 രൂപയിലെത്തി. വെള്ളിയും കത്തിക്കയറുകയാണ്. ഇന്ന് വില ഗ്രാമിന് 3 രൂപ ഉയർന്ന് 156 രൂപ.