ജൻ ഔഷധി മരുന്നുകളുടെ ലഭ്യത കുറയുന്നു.
ജൻ ഔഷധി ഷോപ്പുകളിൽ സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകൾ വില്ക്കുന്നു.
കൊച്ചി: രാജ്യത്തെ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള മരുന്നുകള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഭാരതീയ ജന്‍ഔഷധി പരിയോജന (പിഎംബിജെപി) പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കേരളത്തില്‍ അട്ടിമറിക്കപ്പെടുന്നതായി പരാതി. സംസ്ഥാനത്തെ നിരവധി ജന്‍ഔഷധി കേന്ദ്രങ്ങളില്‍ ജന്‍ഔഷധി ബ്രാന്‍ഡിലുള്ള മരുന്നുകള്‍ പരിമിതമായി മാത്രം സ്റ്റോക്ക് ചെയ്ത്, പകരം സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകള്‍ വ്യാപകമായി വില്‍പന നടത്തുന്നതായാണ് ആക്ഷേപം.
ജന്‍ഔഷധി മരുന്നുകള്‍ക്ക് ലഭിക്കുന്ന ലാഭവിഹിതം താരതമ്യേന കുറവായതിനാലാണ് സ്വകാര്യ ജനറിക് മരുന്നുകൾ ജന്‍ഔഷധി ഷോപ്പുകൾ വഴി വില്ക്കുന്നത്. ഇതുമൂലം ജന്‍ഔഷധി പദ്ധതിയുടെ അടിസ്ഥാനലക്ഷ്യമായ വിലക്കുറവുള്ള, ഗുണമേന്മയുള്ള മരുന്നുകള്‍ സാധാരണ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യം തന്നെ പ്രതിസന്ധിയിലാകുന്നു. പല ജന്‍ഔഷധി കേന്ദ്രങ്ങളിലും ആവശ്യമായ മരുന്നുകള്‍ ലഭ്യമല്ലെന്നും, രോഗികള്‍ക്ക് സ്വകാര്യ കമ്പനികളുടെ ജനറിക് മരുന്നുകളാണ് നല്‍കുന്നതെന്നും പറയുന്നു. ജന്‍ഔഷധി ബ്രാന്‍ഡിലുള്ളമരുന്നുകളുടെ ലഭ്യത കുറയുന്നത് പദ്ധതിയിലുള്ള ജനവിശ്വാസത്തെയും ബാധിക്കുമെന്ന ആശങ്ക ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവയ്‌ക്കുന്നു

