ഇനി മൊബൈൽ റീചാർജ് നിരക്ക് കുറയും
ഡേറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് കോളും എസ്എംഎസ് മാത്രമടങ്ങിയ കുറഞ്ഞ നിരക്കിലുള്ള പ്ലാനുകൾ ലഭ്യമാക്കണമെന്ന് ട്രായി ടെലികോം കമ്പനികൾക്ക് നിർദ്ദേശം നൽകി
ന്യൂഡൽഹി: ടെലികോം ഉപഭോക്താക്കൾക്ക് ഇനി കുറഞ്ഞ നിരക്കിൽ റീചാർജ് ചെയ്യാനുള്ള അവസരം ലഭിച്ചേക്കും. പ്രധാനമായും ഫോൺ കോളുകളും എസ്‌എംഎസും മാത്രം ഉപയോഗിക്കുന്നവർക്ക് ഡാറ്റ ഉൾപ്പെടാത്ത പ്രത്യേക റീചാർജ് പ്ലാനുകൾ നൽകാൻ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ ടെലികോം കമ്പനികൾക്ക് നിർദേശം നൽകി. ഏറെനാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ട്രായിയുടെ നിർണായക ഇടപെടൽ.
. ടെലികോം ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങളിലെ 2026ലെ പതിമൂന്നാം ഭേദഗതിയുടെ ഭാഗമായാണ് പുതിയ നിർദേശം. ഇതനുസരിച്ച് ഫോൺ കോളുകൾക്കും എസ്‌എംഎസിനും മാത്രമായി പ്രത്യേക താരിഫ് വൗച്ചറുകൾ നൽകണം. ഡാറ്റ ഉൾപ്പെടുന്ന സമാന പ്ലാനുകളേക്കാൾ കുറഞ്ഞ നിരക്കിലായിരിക്കണം ഇത്തരം വൗച്ചറുകൾ നൽകേണ്ടത്.
. നിലവിൽ ഡാറ്റ ആവശ്യമില്ലാത്ത ഉപഭോക്താക്കൾക്ക് പോലും ഡാറ്റ ഉൾപ്പെടുത്തിയ റീചാർജ് പ്ലാനുകൾ തിരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇതുമൂലം ആവശ്യമില്ലാത്ത ഡാറ്റയ്ക്കായി അധിക തുക ചെലവഴിക്കേണ്ടിവരുകയും ഉപഭോക്താക്കളുടെ തിരഞ്ഞെടുക്കാനുള്ള അവസരം കുറയുകയും ചെയ്‌തിരുന്നു. പുതിയ നിയമം ഇതിന് പരിഹാരം കാണുകയാണ് ലക്ഷ്യമിടുന്നത്.
. ഒരു പ്രത്യേക കാലാവധിയിൽ കോളുകൾ, എസ്‌എംഎസ്, ഡാറ്റ എന്നിവ ഉൾപ്പെടുന്ന റീചാർജ് വൗച്ചർ നൽകുന്നുണ്ടെങ്കിൽ, അതേ കാലാവധിയിൽ കോളുകളും എസ്‌എംഎസും മാത്രം ഉൾപ്പെടുന്ന പ്രത്യേക വൗച്ചറും കമ്പനികൾ നൽകണം. ഇതിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് തിരഞ്ഞെടുക്കാൻ കഴിയും.
. പ്രത്യേക താരിഫ് വൗച്ചറുകൾ മുൻകൂട്ടി പണം നൽകി വാങ്ങുന്ന റീചാർജ് വൗച്ചറുകളാണ്. നിശ്ചിത കാലയളവിലേക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്ന ഇത്തരം വൗച്ചറുകളിൽ കുറഞ്ഞ നിരക്കിലുള്ള അന്താരാഷ്ട്ര കോളുകൾ, പരിധിയില്ലാത്ത കോളുകൾ തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടാമെന്നതാണ് പ്രത്യേകത.
. കുറഞ്ഞ വരുമാനമുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ തിരഞ്ഞെടുപ്പ് അവസരങ്ങൾ നൽകുന്നതിനാണ് പുതിയ ചട്ടമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി അറിയിച്ചു. ഉപഭോക്താക്കളുടെ ആവശ്യത്തിനും സാമ്പത്തിക ശേഷിക്കും അനുസരിച്ച് റീചാർജ് ചെയ്യാൻ പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

