രാമായണം സീരിയലിലെ രാവണൻ അരവിന്ദ് ത്രിവേദി അന്തരിച്ചു
80 കളുടെ അവസാനം ജനപ്രിയ മെഗാ സീരിയലായിരുന്നരാമായണത്തിൽ രാവണനായി അഭിനയിച്ച അരവിന്ദ് ത്രിവേദി അന്തരിച്ചു

മുംബൈ: 80 കളുടെ അവസാനം ജനപ്രിയ മെഗാ സീരിയലായിരുന്ന രാമായണത്തിൽ രാവണനായി അഭിനയിച്ച അരവിന്ദ് ത്രിവേദി അന്തരിച്ചു. 82 വയസ്സിലാണ് അന്ത്യം. ഇന്ന് മുംബൈയിൽ സംസ്കാരം നടക്കും. ഹൃദയസ്തംഭനം മൂലമാണ് മരണം. കുറച്ചു നാളായി അസുഖബാധിതനായിരുന്നു.
1987 ൽ ദൂരദർശനിലൂടെയാണ് രാമാനന്ദ സാഗറിന്റെ രാമായണം സീരിയൽ ഭാരതം മുഴുവൻ തരംഗമായത്. ജനങ്ങൾ ഞായറാഴ്ചകളിൽ ടി.വി. യുള്ള ഇടങ്ങളിലേയ്ക്ക് ഒഴുകി. മുഖ്യധാരാപത്രങ്ങളിൽ സംഭാഷണങ്ങളുടെ തർജ്ജമകൾ മുൻകൂട്ടി കൊടുത്തിരുന്നു.
രാമായണത്തിൽ രാമനായി അഭിനയിച്ച അരുൺ ഗോവിൽ, സീതയായ ദീപിക ചിക്‌ലിയ, ലക്ഷ്മണനായ സുനിൽ ലാഹരി, ഹനുമാനായ ദാരാ സിംഗ് എന്നിവരുടെ കൂടെ അരവിന്ദ് ത്രിവേദിയുടെ രാവണനും ഒരു തലമുറയുടെ മനസ്സിൽ ഇന്നും മായാതെ നില്ക്കുന്നു.
രാമായണത്തെ കൂടാതെ വിക്രം ഓർ ബേതാൾ എന്ന പരമ്പരയും അദ്ദേഹം അനശ്വരമാക്കി. ടെലിവിഷൻ സീരിയലുകൾ കൂടാതെ മുന്നൂറോളം ഹിന്ദി, ഗുജറാത്തി സിനിമകളിലും അഭിനയിച്ചു.
1991 - 96 ൽ പാർലമെന്റ് മെംബർ ആയി. സെൻസർ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷന്റെ ആക്ടിങ്ങ് ചെയർമാനുമായിരുന്നു.