സംസ്ഥാനത്തെ തിയേറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും
പ്രവേശനം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രം

തിരുവനന്തപുരം : സംസ്ഥാനത്തെ തിയേറ്ററുകൾ തിങ്കളാഴ്ച മുതൽ തുറക്കും. ആറു മാസത്തെ ഇടവേളക്ക് ശേഷം മൾട്ടിപ്ലക്സ് അടക്കം മുഴുവൻ തിയേറ്ററുകളും തുറക്കാൻ തീയേറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനമായി.
ഈ മാസം 25 മുതൽ തീയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ സർക്കാർ നേരെത്തെ അനുമതി നൽകിയിരുന്നു. എന്നാൽ നികുതിയിളവ് അടക്കമുള്ള ആവശ്യങ്ങൾ മുൻനിർത്തി തിയേറ്ററുകൾ തുറക്കില്ല എന്നായിരുന്നു തീയറ്റർ ഉടമകളുടെ നിലപാട്. ഇതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി ഉണ്ടായിട്ടുമില്ല. തീയറ്റർ തുറക്കുന്നതിനു മുന്നോടിയായി 22ന് ഉടമകൾ സർക്കാറുമായി ചർച്ച നടത്തും.
വമ്പൻ ചിത്രങ്ങളായ മരക്കാർ, ആറാട്ട് അടക്കമുള്ള സിനിമകൾ തിയേറ്ററിലെത്തും എന്നാണ് റിപ്പോർട്ടുകൾ. പകുതി സീറ്റിൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പ്രവേശനം. ജീവനക്കാർക്കും രണ്ട് ഡോസ് വാക്സിൻ നിർബന്ധമാണ്.