ബ്രോ ഡാഡി സിനിമക്കെതിരെ ബി ജെ പി
ബിജെപി വക്താവ് സന്ദീപ് വാചസ്പതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് സിനിമയ്ക്ക് നേരെ കനത്ത ആരോപണങ്ങൾ ഉയർന്നത്

കൊച്ചി: പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി'യിൽ മാധ്യമ പ്രവർത്തകനായ സഹിൻ ആന്റണിയെ അഭിനയിപ്പിച്ചതിനെതിരെ ബിജെപി വക്താവ് സന്ദീപ് വാചസ്പതി. എല്ലാ കാര്യങ്ങളിലും പൊളിറ്റിക്കൽ കറക്ട്നെസിന് വലിയ പ്രാധാന്യം നൽകുന്ന പൃഥിരാജ്, സിനിമയുടെ ഓപ്പണിംഗ് ഷോട്ടിൽ സഹിൻ ആന്റണി എന്ന തട്ടിപ്പുകാരനായ മാധ്യമ പ്രവർത്തകനെ അഭിനയിപ്പിച്ചിരിക്കുന്നത് ദുരൂഹമാണെന്ന് സന്ദീപ് ഫെയ്സ്ബുക്കിൽ കുറിച്ചു.
എന്നാൽ ഒട്ടും ബോറടിപ്പിക്കാത്ത സിനിമയാണിതെന്ന് അദ്ദേഹം സമ്മതിക്കുന്നു. 'വിക്കിപീഡിയ വിവരങ്ങൾ അനുസരിച്ച് ബ്രോ ഡാഡിയുടെ ഷൂട്ട് അവസാനിച്ചത് 2021 ഒക്ടോബർ മാസത്തിലാണ്. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് പുറത്തു വന്നത് സെപ്റ്റംബർ മാസത്തിലും. അതായത് സഹിനെ വെച്ചു ചെയ്ത മൂന്നോ നാലോ മിനുറ്റ് സീൻ രണ്ടാമത് ഷൂട്ട് ചെയ്യാൻ സാധിക്കുമായിരുന്നു. അതിന് മുതിരാതെ ഈ തട്ടിപ്പുകാരന്റെ മുഖം തന്നെ ഉപയോഗിച്ച് സിനിമ തുടങ്ങാൻ പൃഥ്വിരാജ് തീരുമാനിച്ചതിൽ എന്തോ എവിടെയോ ദുരൂഹതയുണ്ട്', സന്ദീപ് ആരോപിക്കുന്നു. സഹിൻ അൻ്റണി കേരളത്തിലെ എന്നല്ല, കൊച്ചിയിലെ പോലും മികച്ച ദൃശ്യ മാധ്യമ പ്രവർത്തകരിൽ ഒരാൾ അല്ലെന്നും ആരോപണമുണ്ട്.
'മാധ്യമ പ്രവർത്തനം പണം ഉണ്ടാക്കാനുള്ള വഴിയായി കണ്ടതു കൊണ്ട് വഴിവിട്ട ബന്ധങ്ങൾ ഉണ്ടാവുകയും അതുവഴി ചില സിനിമകളിൽ മുഖം കാണിക്കാൻ അയാൾക്ക് സാധിച്ചിട്ടുമുണ്ട് എന്ന് മറക്കുന്നില്ല. അയാൾ അഭിനയിച്ചാൽ മാത്രമേ ആ സീനിന് വലിയ വിശ്വാസ്യത കിട്ടൂ എന്നില്ല. ഏതെങ്കിലും ഒരു ജൂനിയർ ആർട്ടിസ്റ്റ് അഭിനയിച്ചാലും ഒന്നും സംഭവിക്കാനില്ല എന്ന് ചുരുക്കം. അപ്പോൾ സഹിൻ ആന്റണി കടന്നു വന്നതിന് പിന്നിൽ ചില വഴിവിട്ട ബന്ധങ്ങൾ ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു', സന്ദീപ് പറയുന്നു.
പ്രത്യേകിച്ച് ശബരിമല വിഷയം, വ്യാജ ചെമ്പോല, ദിലീപ് കേസ് ഇവയൊക്കെയായി പൃഥ്വിരാജിനും ന്യൂസ് 24 ചാനലിനും ഉള്ള താത്പര്യം പരിഗണിക്കുമ്പോൾ. കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകർക്കും അപമാനമായ സഹിൻ ആന്റണിയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് പൃഥ്വിരാജ് വ്യക്തമാക്കണമെന്നും അദ്ദേഹം തൻ്റെ ഫേസ് ബുക്ക് പോസ്റ്റിൽ ആരാഞ്ഞു.