വധഗൂഢാലോചനക്കേസിൽ ദിലീപിന് ഉപാധികളോടെ ജാമ്യം
ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കേസിൽ ഇന്ന് വിധി പ്രസ്താവിച്ചത്

കൊച്ചി: വധഗൂഢാലോചനക്കേസിൽ നടൻ ദിലീപിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി. ഗോപിനാഥിന്റെ സിംഗിൾ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു വിധി പ്രസ്താവിച്ചത്.കേസിൽ ദിലീപ് ഒന്നാം പ്രതിയും സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി. എൻ. സുരാജ്, ഡ്രൈവർ അപ്പുവെന്ന കൃഷ്ണപ്രസാദ്, സുഹൃത്തായ ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെയും മുൻകൂർ ജാമ്യഹർജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിലാണ് കേസിൽ ഇന്ന് വിധി പ്രസ്താവിച്ചത്.
ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. കേസിലെ മറ്റ് അഞ്ചു പ്രതികൾക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടർന്നാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന് ദിലീപ് അടക്കം ആറ് പേരെ പ്രതിയാക്കി കേസ് എടുത്തത്.
ചില ഉദ്യോഗസ്ഥർ വ്യക്തിപരമായ വൈരാഗ്യം തീർക്കാനായി ഉണ്ടാക്കിയതാണ് കേസ്. ഭാവനാസമ്പന്നമായ കഥയാണ്. വധഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്തത് മുതലുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ദിലീപിനെതിരായ ആരോപണങ്ങൾ ഗുരുതരമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ദിലീപ് ബുദ്ധിപൂർവം ഗൂഢാലോചന നടത്തി തന്ത്രപൂർവം രക്ഷപ്പെടുകയാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതൊരു അസാധാരണ കേസാണ്.