ബലാത്സംഗ കേസിൽ നടൻ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി
കേസിൽ തെളിവെടുപ്പ് ഇന്നും തുടരും

എറണാകുളം: നടിയെ ബലാത്സംഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കേസിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കേസിൽ തെളിവെടുപ്പ് ഇന്നും തുടരും.
വിജയ് ബാബുവിന് മുൻകൂർ ജാമ്യം ലഭിച്ചതിനാൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ. ഇന്നലെ വൈകീട്ടോടെ വിജയ് ബാബുവിനെ പൊലീസ് ജാമ്യത്തിൽ വിട്ടിരുന്നു. അടുത്ത ആറ് ദിവസം കൂടി ചോദ്യം ചെയ്യൽ തുടരും.
വിജയ് ബാബുവിനെ അമ്മ യോഗത്തിൽ പങ്കെടുപ്പിച്ചതിൽ വിമർശിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തി. യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സന്ദേശമെന്ന് നടൻ ഹരീഷ് പേരടി. അതേസമയം, താരസംഘടനയിൽ നിന്ന് രാജിവച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞെന്നും ഹരീഷ് പേരടി പറഞ്ഞു.