നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ ജാമ്യം റദ്ദാക്കുന്നത് സംബന്ധിച്ച വിധി ഇന്ന്
പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിലാണ് വിധി പ്രസ്താവിക്കുക

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്. ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചുവെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായെന്നും ആരോപണമുണ്ട്. കേസിൽ വിചാരണ കോടതി ഇന്ന് വിധി പറയും.
അഭിഭാഷകരുടെ നിർദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉയർത്തുന്ന വാദങ്ങൾ. ഇത് ന്യായീകരിക്കുന്ന സാക്ഷി മൊഴികളും ഫോൺ രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കി. ഫോണിലെ തെളിവുകൾ സൈബർ വിദഗ്ധനെ ഉപയോഗിച്ച് നശിപ്പിച്ചെന്നും അന്വേഷണ സംഘം കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, പ്രോസിക്യൂഷൻ വാദം ദിലീപ് തള്ളി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും കേസിൽ പുകമറ സൃഷ്ടിക്കാൻ പ്രോസിക്യൂഷൻ ശ്രമം നടത്തുന്നുവെന്നും ദിലീപ് ആരോപിച്ചു. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.