മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് 74–ാം പിറന്നാൾ ;പൂർണ ആരോഗ്യവാനായി വീണ്ടും
ഇത്തവണ ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊത്ത് ലളിതമായാണ് മെഗാസ്‌റ്റാറിന്റെ പിറന്നാൾ ആഘോഷം.

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ഇന്ന് 74–ാം പിറന്നാൾ. പൂർണ ആരോഗ്യവാനായി വീണ്ടും. സിനിമയിൽ സജീവമാകാൻ പോകുന്ന ഘട്ടത്തിൽ പിറന്നാളിന് മാധുര്യമേറുകയാണ്.
ഇത്തവണ ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊത്ത് ലളിതമായാണ് മെഗാസ്‌റ്റാറിന്റെ പിറന്നാൾ ആഘോഷം. സമൂഹമാധ്യമങ്ങളിൽ ആയിരങ്ങൾ ഇതിനകം അദ്ദേഹത്തെ ആശംസ അറിയിച്ചു.
കളങ്കാവൽ’ ആണ് റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ജിതിൻ കെ ജോസ് സംവിധാനം ചെയ്‌ത ചിത്രത്തിന്റെ ടീസറിന് സമൂഹമാധ്യമങ്ങളിൽ വൻ വരവേൽപ് ലഭിച്ചു. മകൻ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ഓണക്കാല സൂപ്പർഹിറ്റ് ചിത്രം ‘ലോകഃ - ചാപ്റ്റർ 1: ചന്ദ്ര’യുടെ ട്രെയിലറും പോസ്‌റ്ററും മമ്മൂട്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ആന്റോ ജോസഫ് നിർമിച്ച് മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് മമ്മൂട്ടി ഇനി പൂർത്തിയാക്കാനു ള്ളത്.മമ്മൂട്ടിയെ നായകനാക്കി ജോമോൻ സംവിധാനംചെയ്ത് വൻ വിജയം നേടിയ ‘സാമ്രാജ്യം' റീ റിലീസിനൊരുങ്ങുകയാണ്. ചിത്രം ഫോർകെ ഡോൾബി അറ്റ്മോസ് പതിപ്പിൽ 19ന് പ്രദർശനത്തിനെ ത്തും.
"ലോകമെമ്പാടുമുള്ള ഒരുപാടുപേരുടെ പ്രാർഥനയ്ക്ക് ഫലം കണ്ടു’ എന്ന് നിർമാതാവ് ആന്റോ ജോസഫ് രണ്ടാഴ്‌ചമുന്പ് സമൂഹമാധ്യമങ്ങളിൽ കുറിച്ചതോടെ മമ്മൂട്ടിക്ക് പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് ആശംസയറിയിച്ചത്. ചെറിയ ഇടവേളയ്‌ക്കുശേഷം താരത്തിന്റെ മടങ്ങിവരവ് അറിയിച്ച് നിർമാതാവ് ആന്റോ ജോസഫും സന്തതസഹചാരി എസ് ജോർജും ഫെയ്‌സ്‌ബുക് പേജിലിട്ട രണ്ടുവരി കുറിപ്പ് മലയാളികളും സിനിമാപ്രേമികളും ഏറ്റെടുത്തു. അദ്ദേഹം പൂർണ ആരോഗ്യവാനായി സിനിമയിലേക്ക് മടങ്ങിവരാൻ കാത്തിരിക്കുകയാണ് ആരാധകർ."