headerlogo
cinema

ശ്രീനിവാസന്‍ ഇനി ചിരിയോര്‍മ; കേരളം വിടചൊല്ലി

ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ ഭൗതിക ശരീരം സംസ്‌കരിച്ചു

 ശ്രീനിവാസന്‍ ഇനി ചിരിയോര്‍മ; കേരളം വിടചൊല്ലി
avatar image

NDR News

21 Dec 2025 12:30 PM

കൊച്ചി: അഞ്ച് പതിറ്റാണ്ടോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന നടനും സംവിധായകനും തിരക്കഥ കൃത്തുമായ ശ്രീനിവാസന്‍ ഇനി ഓര്‍മ. രാവിലെ 10 മണിക്ക് ഉദയംപേരൂര്‍ കണ്ടനാട്ടെ വീട്ടുവളപ്പില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അവസാനമായി ശ്രീനിവാസനെ ഒരുനോക്ക് കാണാനായി ആയിരങ്ങളാണ് അവിടേയ്ക്ക് ഒഴുകിയെത്തിയത്. നടി പാര്‍വതി തിരുവോത്ത്, നടന്മാരായ പൃഥ്വിരാജ്, വിനീത്, ജഗദീഷ്, സൂര്യ സംവിധായകന്‍ ഫാസില്‍, രാജസേനന്‍ തുടങ്ങിയവര്‍ ശ്രീനിവാസന് ഇന്ന് അന്തിമോപചാരം അര്‍പ്പിച്ചു. വാക്കാല്‍ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത നഷ്ടമാണ് ഉണ്ടായതെന്ന് പാര്‍വതി പറഞ്ഞു. സിനിമയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും ശ്രീനിവാസന്‍ തന്ന സംഭാവന ഒരിക്കലും നമുക്ക് മറക്കാന്‍ പറ്റാത്തതാണ്. അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു വെന്നും പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു. മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍ ഒരുപാട് സംഭാവനകള്‍ തന്നെന്നും അതിന് അനുസരിച്ച് തിരിച്ച് നല്‍കാന്‍ നമുക്ക് സാധിച്ചില്ലെന്നും ജഗദീഷും കൂട്ടിച്ചേര്‍ത്തു.

      ഇന്നലെ(ശനിയാഴ്ച) രാവിലെ 8.30ഓടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വിവിധ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടു പോകുമ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1956 ഏപ്രില്‍ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസന്‍ കൂത്തുപറമ്പ് മിഡില്‍ സ്‌കൂള്‍, കതിരൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ ബിരുദം നേടി. മദ്രാസിലെ ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടിയ ശ്രീനിവാസന്‍ തുടക്ക കാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റെന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസന്റെ സഹപാഠിയായിരുന്നു. 48 വര്‍ഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തില്‍ 200ലേറെ സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചു. 1977ല്‍ പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ല്‍ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയില്‍ മലയാള സിനിയില്‍ ശ്രീനിവാസന്‍ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നര്‍മ്മരസം ചേര്‍ത്ത് ശ്രീനിവാസന്‍ തിരക്കഥകൾ ഒരുക്കിയപ്പോള്‍ മലയാളിക്ക് ഹാസ്യത്തിന്റെയും ആക്ഷേപ ഹാസ്യത്തിന്റെയും നവ്യാനുഭവങ്ങള്‍ കൂടിയാണ് സ്വന്തമായത്.

 

 

NDR News
21 Dec 2025 12:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents