headerlogo
cinema

ഗിരീഷ് പുത്തഞ്ചേരി സൂര്യ കിരീടം പുരസ്കാരം ബി കെ ഹരിനാരായണന്

10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.

 ഗിരീഷ് പുത്തഞ്ചേരി സൂര്യ കിരീടം പുരസ്കാരം ബി കെ ഹരിനാരായണന്
avatar image

NDR News

07 Feb 2026 08:31 PM

   അത്തോളി :കവിയും ഗാനരചയി താവും തിരക്കഥാകൃത്തും നാടക പ്രവർത്തകനുമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയുടെ പേരിൽ അത്തോളി ഗ്രാമ പഞ്ചായത്ത് ഏർപ്പെടുത്തിയ സൂര്യകിരീടം പുരസ്കാരം ചച്ചിത്ര ഗാന രചയിതാവ് ബി. കെ. ഹരിനാരായണന് മലയാള ചലച്ചിത്ര ഗാന ശാഖയ്ക്ക് അദ്ദേഹം നൽകിവരുന്ന സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് സമ്മാനിക്കുന്നത്. 10001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഫെബ്രുവരി 11 ന് വൈകീട്ട് 5.30 ന് കൂമുള്ളിയിൽ സ്മൃതിലയം എന്ന പേരിൽ സംഘടിപ്പിക്കുന്ന ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടിയിൽ സമ്മാനിക്കുമെന്ന് അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. ജയകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

  ഭട്ടി കുഴിയാംകുന്നത്ത് രാമൻ നമ്പൂതിരിയുടെയും ഭവാനിയുടെയും മകനായി പെരുമ്പിലാവിനടുത്ത് കരിക്കാടാണ് ഹരിനാരായണന്റെ ജനനം. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ഭാരതീയ വിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ പി. ജി. ഡിപ്ലോമയും നേടി. കുറച്ചുകാലം കെഎസ്ആർടിസിയിൽ കണ്ടക്ടറായി ജോലി നോക്കി. പഠിക്കുന്ന കാലം മുതൽ കവിതകൾ എഴുതുമായിരുന്ന ഹരിനാരായണൻ നൂറ്റടപ്പൻ (ആദ്യ കവിതാ സമാഹാരം), പന്തും പാട്ടും പറച്ചിലും, അനുരാഗനദിയേ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചി ട്ടുണ്ട്.

  2009 ൽ പൊന്നുറുമ്മാൽ എന്ന പേരിലുള്ള മാപ്പിളപ്പാട്ട് ആൽബത്തിനു ഗാനങ്ങൾ എഴുതി. 2010 ൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ദി ത്രില്ലർ എന്ന സിനിമക്കാണ് ആദ്യമായി ഗാന രചന നിർവ്വഹിച്ചത്. 1983 എന്ന സിനിമയിലെ ഓലഞ്ഞാലിക്കുരുവീ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധ നേടി. എസ്രയിലെ ലൈലാകമേ, ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ.., തീവണ്ടിയിലെ ജീവാംശമായ് താനേ…, ഉയിരിൻ നാഥനേ, കണ്ണെത്താ ദൂരം… (ജോസഫ്), കാറ്റ് മൂളിയോ പ്രണയം (ഓം ശാന്തി ഓശാന), നീ ഹിമമഴയായ്… (എടക്കാട് ബറ്റാലിയൻ ), ഹേമന്തമെൻ … (കോഹിനൂർ), മോഹമുന്തിരി… (മധുരരാജ), മുരുകാ മുരുകാ പുലിമുരുകാ (പുലിമുരുകൻ), ഒടുവിലെ യാത്രയ്ക്കായിന്ന്… (ജോർജേട്ടൻസ് പൂരം), വാതിക്കല് വെള്ളരിപ്രാവ്… (സൂഫിയും സുജാതയും) തുടങ്ങി 350 ലധികം സിനിമകളിലായി 700 ന് മുകളിൽ ഗാനങ്ങൾ രചിച്ചിട്ടുണ്ട്. അന്തിവിണ്ണിൽ അമ്പിളിക്കല എന്ന പ്രശസ്ത ഗാനവും ഹരിനാരായണൻ രചിച്ചിട്ടുള്ള താണ്.

  2018-ൽ ചാരുലത എന്ന ഷോർട്ട് ഫിലിമിൽ അഭിനയിച്ചു. 2021-ൽ ഇള എന്ന മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തിട്ടുണ്ട്. 2025 ലെ മുല്ലനേഴി പുരസ്കാരം, ഫിലിംഫെയർ അവാർഡ്, സൈമ (SIIMA) അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ബി. കെ. ഹരിനാരായണന് ലഭിച്ചിട്ടുണ്ട്. 2018 ൽ ജോസഫ് എന്ന ചിത്രത്തിലെ കണ്ണെത്താ ദൂരം, തീവണ്ടി എന്ന ചിത്രത്തിലെ ജീവാംശമായ് എന്നീ ഗാനങ്ങൾക്കും 2021 ൽ കാടകലം എന്ന ചിത്രത്തിലെ കണ്ണീരു കടഞ്ഞു എന്ന ഗാനത്തിനും മികച്ച ഗാനരചനയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ബി. കെ ഹരിനാരായണന് ലഭിച്ചിട്ടുണ്ട്.

 

NDR News
07 Feb 2026 08:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents