ബാലുശ്ശേരിയിൽ ഫുഡ് ഡെലിവറിക്ക് ഉപയോഗിക്കുന്ന ബൈക്കിന് തീയിട്ട് നശിപ്പിച്ചു
ഞായറാഴ്ച്‌ച രാത്രി 11.45 ന് പുതിയ കാവിൽ വച്ചാണ് സംഭവം
ബാലുശ്ശേരി: ബാലുശ്ശേരിയിൽ ഹോട്ടലിന്റെ ഫുഡ് ഡെലിവറിക്കായി ഉപയോഗിച്ചു വന്നിരുന്ന ബൈക്കിന് തീയിട്ടു. സംഭവത്തിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. ബാലുശ്ശേരി അറപ്പീടിക മൊസോൺ റസ്റ്റോറന്റിനു വേണ്ടി ഉപയോഗിക്കുന്ന ബൈക്കാണ് കത്തിച്ചത്. ഹോട്ടലിലെ ഫുഡ് ഡെലിവറി ചെയ്യുന്ന കിനാലൂർ സ്വദേശി ശിവാന്തു ലാലുവിനെയും സുഹൃത്തുക്കളെയും ഭീഷണിപ്പെടുത്തുകയും മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.
ഞായറാഴ്ച്‌ച രാത്രി 11.45 ന് പുതിയ കാവിൽ വച്ചാണ് സംഭവം. വാഹനം തടഞ്ഞു വെച്ചതിനെ തുടർന്ന് ഹോട്ടലിൽ പോയി തിരിച്ചു വരുമ്പോൾ ബൈക്ക് കത്തിച്ച നിലയിൽ കാണുകയായിരുന്നു. വാഹനം കത്തിച്ച പുതിയകാവ് സ്വദേശികളായ വികാസ്, മധു എന്നിവർക്കെതിരെ ബാലുശ്ശേരി പൊലീസ് കേസെടുത്തു.

