കോഴിക്കോട് മായനാട്ടെ ആൾക്കൂട്ട മർദ്ദനം; കൊലപാതകത്തിൽ കലാശിച്ചത് കോളേജ് വിദ്യാർത്ഥികൾ തമ്മിലെ തർക്കം
യുവാവിനെ മർദ്ദിച്ചത് ഇരുപതോളം പേർ ചേർന്ന്

കോഴിക്കോട്: മായനാട് പാലക്കാട്ടുവയലിൽ ആൾക്കൂട്ട മർദ്ദത്തില്‍ ഇരുപതുകാരൻ കൊല്ലപ്പെട്ട സംഭവത്തിലേക്ക് നയിച്ചത് കോളേജ് വിദ്യാർത്ഥികൾ തമ്മിലുണ്ടായ തർക്കമെന്ന് റിപ്പോർട്ട്. സംഭവത്തിൽ പിതാവും രണ്ടുമക്കളുമുൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മായനാട് സ്വദേശി മനോജ് മക്കളായ അജയ്, വിജയ് എന്നിവരാണ് പൊലീസ് പിടിയിലായത്.
മായനാട് സ്വദേശി സൂരജ് ആണ് ക്രൂരമായ മർദ്ദനത്തില്‍ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. പ്രദേശത്ത് നടന്ന ഉത്സവത്തിനിടെ സൂരജിന് മർദ്ദനമേൽക്കുകയായിരുന്നു. പിടിയിലായ മനോജ് മക്കളായ അജയ്, വിജയ് എന്നിവര്‍ക്ക് പുറമെ കണ്ടാലറിയാവുന്ന ഇരുപതോളം പേരും ചേർന്നാണ് യുവാവിനെ മർദ്ദിച്ചത്.
ചെത്തുകടവ് എസ്.എൻ.ഇ.സി. കോളേജ് വിദ്യാർത്ഥിയായ സൂരജും പ്രതികളിലൊരാളും തമ്മിൽ ചില തർക്കങ്ങളുണ്ടായിരുന്നു. ഇത് പിന്നീട് ആൾക്കൂട്ട മർദനത്തിൽ കലാശിക്കുകയായിരുന്നു. പിടിയിലായത് മൂന്നു പേരെ കൂടാതെ കൃത്യത്തിൽ പങ്കെടുത്ത മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.