കുപ്രസിദ്ധ മോഷ്‌ടാവ് പെരുമണ്ണ പ്രശാന്ത് കോഴിക്കോട്ട് പിടിയിലായി
മോഷണം നടത്തിയ ബൈക്കിൽ കറങ്ങുമ്പോഴാണ് പോലീസിന്റെ പിടിയിലായത്

കോഴിക്കോട്: കുപ്രസിദ്ധ മോഷ്ടാവ് മെഡിക്കൽ കോളേജ് സ്വദേശി പെരുമണ്ണ പ്രശാന്ത് പോലീസ് പിടിയിലായി. അതിഥി തൊഴിലാളികളോടും, പ്രായമായവരോടും ബന്ധം സ്ഥാപിച്ചാണ് ഇയാളുടെ തട്ടിപ്പ്. ലഹരിക്കടിമയായ പ്രതി ആഡംബര ജീവിതത്തിനാണ് മോഷണത്തിലേക്ക് തിരിയുന്നത്. ബാർ, ഹോട്ടൽ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്ന് ആളുകളോട് ബന്ധം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. നിരവധി അതിഥി തൊഴിലാളികൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്. മോഷണം നടത്തിയ ബൈക്കിൽ കറങ്ങുമ്പോഴാണ് ഇന്ന് പോലീസിന്റെ പിടിയിലായത്.
കേരളത്തിലെ വിവിധ ജില്ലകളിലും, തമിഴ്‌നാട്ടിലും പല കേസുകളുള്ള പ്രശാന്ത് കോയമ്പത്തൂർ പിന്നീട് കണ്ണൂർ, തലശേരി ഭാഗങ്ങളിലെത്തി തട്ടിപ്പ് നടത്തി വരികയായിരുന്നു. തലശ്ശേരിയിൽ വയോധികനായ ഓട്ടോ ഡ്രൈവർ സ്വർണമോതിരം കവർന്നത് മോട്ടോർ വാഹന ഇൻസ്പെക്ടർ ചമഞ്ഞാണ്. സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.