പാലേരിയിൽ ഒന്നേകാൽ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ
ചെറിയ കുമ്പളത്ത് വാടകയ്ക്ക് താമസിച്ച് വന്ന പശ്ചിമ ബംഗാൾ, ബർദമാൻ സ്വദേശി സയീദ് സേഖ് (25) ആണ് പോലീസിൻ്റെ പിടിയിലായത്

പേരാമ്പ്ര: പാലേരി ചെറിയ കുമ്പളത്ത് ഒന്നേകാൽ കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. ചെറിയ കുമ്പളത്ത് വാടകയ്ക്ക് താമസിച്ച് വന്ന പശ്ചിമ ബംഗാൾ, ബർദമാൻ സ്വദേശി സയീദ് സേഖ് (25) ആണ് പോലീസിൻ്റെ പിടിയിലായത്. പ്രദേശത്തെ കോൺക്രീറ്റ് തൊഴിലാളിയായ ഇയാളിൽ നിന്ന് ഏകദേശം ഒന്നേകാൽ കിലോ ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇയാൾ കഞ്ചാവ് പായ്ക്ക് ചെയ്ത് വിൽപന നടത്തുന്നതായി പോലീസിന് വിവരം ലഭിച്ച സാഹചര്യത്തിൽ ഇയാളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.
പാലേരി, ചെറിയ കുമ്പളം, കുറ്റ്യാടി ഭാഗങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാനക്കാരുടെ ഇടയിൽ മയക്കുമരുന്ന് ഉപയോഗവും വിൽപനയും സജീവമായതിൽ നാട്ടുകാർക്ക് പരാതിയുണ്ടായിരുന്നു. ഇയാളുടെ കൈവശം കഞ്ചാവുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പിയുടെ കീഴിലെ ജില്ലാ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പി. വി.വി. ലതീഷിൻ്റെ കീഴിലെ ലഹരി വിരുദ്ധ സ്ക്വാഡും പേരാമ്പ്ര എസ്.ഐ. ബിജുരാജിൻ്റെയും ജൂനിയർ എസ്.ഐ. സനേഷിൻ്റെയും നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ കഞ്ചാവ് സാഹിതം പിടികൂടിയത്.
പ്രതിക്കെതിരെ എൻ.ഡി.പി.എസ്. നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. ലഹരി വിൽപനക്കാരെപ്പറ്റി വിവരങ്ങൾ ലഹരി വിരുദ്ധ സ്ക്വാഡുകൾക്ക് കൈമാറണമെന്നും ലഹരി വിൽപ്പനക്കാർക്കെതിരെ ഇനിയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പേരാമ്പ്ര ഡി.വൈ.എസ്.പി. അറിയിച്ചു.