വയനാട്ടിൽ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്സോ കേസ് കൂടി
യുവതിയുടെ മുതിർന്ന പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി.

വയനാട്: വയനാട്ടിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ പോക്സോ കേസും ചുമത്തി. യുവതിയുടെ മുതിർന്ന പെൺകുട്ടിയെ പ്രതി ദിലീഷ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസ് കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസമായിരുന്നു വയനാട് തിരുനെല്ലി അപ്പപ്പാറയിൽ പ്രതി യുവതിയെ കൊലപ്പെടുത്തിയത്.
കൊലപാതകം, തട്ടിക്കൊണ്ടു പോകൽ വകുപ്പുകൾക്ക് പുറമേയാണ് പോക്സോയും ചുമത്തിയത്.കൊലപാതകത്തിന് പിന്നാലെ കാണാതായ യുവതി യുടെ ഇളയമകളെ വീടിനടുത്ത തോട്ടത്തിൽ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 13 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയെയും പ്രതിയെയും പൊലീസ് കണ്ടെത്തുന്നത്.
കൊലപാതകത്തിനിടെ യുവതിയുടെ മൂത്തമകൾക്ക് പരിക്കേറ്റിരുന്നു. കുട്ടിയെ വിദഗ്‌ധ ചികിത്സക്കായി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.വൈദ്യ പരിശോധനക്കിടെയായിരുന്നു കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് വരുന്നത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ കേസെടുത്തു. കുട്ടി അപകടനില തരണം ചെയ്‌തതായി പൊലീസ് അറിയിച്ചു.