മഹാരാഷ്ട്രയില്‍ ഒന്നര കോടിയോളം രൂപ കവര്‍ച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ പിടികൂടി
കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശി കളെ സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറിയത് വയനാട് പോലീസാണ്.

പാലക്കാട്: മഹാരാഷ്ട്രയില്‍ ഒന്നര കോടിയോളം രൂപ കവര്‍ച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ സാഹസികമായി പിടികൂടി മഹാരാഷ്ട്ര പോലീസിന് കൈമാറി വയനാട് പോലീസ്. വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന ഇവരെ കൈനാട്ടിയില്‍ വെച്ച് പിടികൂടുക യായിരുന്നു.
കുമ്മാട്ടര്‍മേട്, ചിറക്കടവ്, ചിത്തിര വീട്ടില്‍ നന്ദകുമാര്‍, കാണിക്കുളം, കഞ്ഞിക്കുളം അജിത്കുമാര്‍, പോല്‍പുള്ളി, പാലാനംകൂറിശ്ശി സുരേഷ്, കാരെക്കാട്ട്പറമ്പ്, ഉഷ നിവാസ് വിഷ്ണു, മലമ്പുഴ, കാഞ്ഞിരക്കടവ്, ജിനു, വാവുല്യപുരം, തോണിപാടം കലാധരന്‍ എന്നിവരെയാണ് ഹൈവേ പോലീസും, കല്‍പ്പറ്റ പോലീസും സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
മഹാരാഷ്ട്രയിലെ സത്തരാ ജില്ലയിലെ ബുഞ്ച് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണിവര്‍. ഇവര്‍ വയനാട് ജില്ലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം അബ്ദുള്‍ കരീമിന്റെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളെയും അലെര്‍ട്ട് ചെയ്യുകയും ഇവര്‍ സഞ്ചരിച്ച വാഹനം കൈനാട്ടിയില്‍ വെച്ച് പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു.