മലപ്പുറത്ത് മെത്താഫെറ്റമിനുമായി യുവാവ് പിടിയിൽ
വടപുറം സ്വദേശി കോട്ടായി ഫാസിലി (27)നെയാണ് നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്.

മലപ്പുറം :വിൽപ്പനക്കായി സൂക്ഷിച്ച ലഹരിവസ്തുവുമായി യുവാവ് പിടിയില്‍. മൂന്ന് ഗ്രാം മെത്താഫെറ്റമിനുമായി വടപുറം സ്വദേശി കോട്ടായി ഫാസിലി (27)നെയാണ് നിലമ്പൂര്‍ പൊലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് പിടികൂടിയത്. ഫാസിലിന്റെ വടപുറത്തുള്ള വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് പൊലീസ് പരിശോധന നടത്തിയത്.
ഗ്രാമിന് 3500 രൂപ നിരക്കിലാണ് പ്രതി മെത്താഫിറ്റാമിൻ വിൽപ്പന നടത്തിയിരുന്നത്.കഴിഞ്ഞ വർഷം എംഡിഎംഎയുമായി അറസ്റ്റിലായ ഫാസിൽ ജാമ്യത്തിലിറങ്ങി വീണ്ടും മയക്കുമരുന്ന് കച്ചവടം നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഫാസില്‍. നിലമ്പൂർ പൊലീസ് ഇന്‍സ്‍പെക്ടര്‍ സുനിൽ പുളിക്കല്‍, എസ്ഐമാരായ പി ടി സൈഫുള്ള, കെ പി ശരത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എഎസ്ഐ ഇ എൻ സുധീർ, സിപിഒ ആശിഷ് വിപിൻ, ഡാൻസാഫ് അംഗങ്ങളായ സുനിൽ മമ്പാട്, അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.