കോഴിക്കോട് വിജില്‍ തിരോധാനം: മൃതദേഹാവശിഷ്ടങ്ങളും കെട്ടി താഴ്ത്തിയ കല്ലും കണ്ടെത്തി
മൃതദേഹാവശിഷ്ടങ്ങൾ വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്

കോഴിക്കോട്: കോഴിക്കോട് ചുങ്കം സ്വദേശി വിജിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ സരോവരത്ത് നടത്തിയ തെരച്ചിലില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. പല്ലും വാരിയെല്ലിന്റെ ഭാഗങ്ങളുമാണ് കണ്ടെത്തിയത്. മൃതദേഹം കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ച കല്ലും കണ്ടെത്തിയിട്ടുണ്ട്. ഇത് വിജിലിന്റേത് തന്നെയെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.
ആറ് വര്‍ഷം മുന്‍പാണ് വിജിലിനെ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് വിജയനാണ് മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആദ്യഘട്ടത്തില്‍ സൂചനകള്‍ ഒന്നും ലഭിച്ചില്ല. പിന്നീട് പൊലീസിന് ലഭിച്ച ചില നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരം ചുരുളഴിയുന്നത്.