താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവം: ഇന്ന് പ്രതിഷേധ ദിനം ആചരിക്കും
കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും.

താമരശ്ശേരി :താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ (KGMOA) ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗം മാത്രം പ്രവർത്തിക്കും. ബാക്കി ജോലികളിൽ നിന്ന് വിട്ട് നിൽക്കും. മറ്റ് ജില്ലകളിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും ജോലി മുടക്കില്ലെന്നും കെജിഎംഒഎ അറിയിച്ചു.
ആശുപത്രികൾ അതിസുരക്ഷാ മേഖലകളായി പ്രഖ്യാപിക്കണം. എല്ലാ പ്രധാന ആശുപത്രികളിലും പൊലീസ് ഔട്ട് പോസ്റ്റുകൾ അടിയന്തരമായി സ്ഥാപിക്കണ മെന്നും ആശുപത്രികളുടെ സുരക്ഷാജോലിക്കായി സായുധരായ വിമുക്തഭടന്മാരെ നിയമിക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു.
അതേസമയം, സംഭവത്തിൽ അറസ്റ്റിലായ പ്രതി സനൂപിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വധശ്രമത്തിന് പുറമെ അതിക്രമിച്ചു കയറി ആക്രമിക്കുക, ആയുധം ഉപയോഗിച്ച് മര്ദിക്കുക എന്നീ വകുപ്പുകളും ആശുപത്രി സംരക്ഷണ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളും ചുമത്തി.