ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് കടത്തിയ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും
പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം
കാസർകോട്: ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 22.5 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നെല്ലിക്കട്ട ആമുസ്‌നഗറിലെ അബ്ദുൾ റഹ്‌മാൻ (55), പെരുമ്പളക്കടവ് കബീർ മൻസിലിൽ സി.എ. അഹമ്മദ് കബീർ (43), ആദൂർ കുണ്ടാറിൽ പോക്കറടുക്ക മൻസിലിൽ കെ.പി. മുഹമ്മദ് ഹാരിസ് (40) എന്നിവരെയാണ് കാസർകോട് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവും അനുഭവിക്കണം.
2022 ഫെബ്രുവരി നാല് രാത്രി 8.30-ന് ചൗക്കി പെട്രോൾപമ്പിന് സമീപം ദേശീയപാതയിൽ വെച്ചാണ് കാസർകോട് സബ് ഇൻസ്പെക്ടറായിരുന്ന പി. മധുസൂദനൻ, എസ്.ഐ. കൃഷ്ണൻ കൊട്ടിലക്കണ്ടി, എസ്‌സിപിഒമാരായ ഫിലിപ്പ് തോമസ്, സുരേഷ്, സനീഷ് ജോസഫ് എന്നിവർ ചേർന്ന് ഓട്ടോയിൽ കഞ്ചാവ് കടത്തവെ പ്രതികളെ വാഹനമടക്കം കസ്റ്റഡിയിലെടുത്തത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹൻ, ചിത്രകല എന്നിവർ ഹാജരായി.

