നെന്മാറ പോത്തുണ്ടി സജിത വധക്കേസ് ;ചെന്താമരക്ക് ഇരട്ട ജീവപര്യന്തം
നാലേകാൽ ലക്ഷം രൂപ പിഴ ഒടുക്കണം. രണ്ടുവകുപ്പുകളിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പാലക്കാട് :പാലക്കാട് നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. രണ്ടുവകുപ്പുകളിലാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പാലക്കാട് അഡീഷണൽ സെഷൻ കോടതിയുടേതാണ് വിധി. അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ലെന്നും കോടതി പറഞ്ഞു. ജീവപര്യന്തത്തോടൊപ്പം നാലേകാൽ ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിയിൽ പറയുന്നു. തെളിവ് നശിപ്പിക്കലിന് 5 വർഷം തടവ്‌ശിക്ഷ അനുഭവിക്കണം.
കേസിൽ ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് നാലാം അഡീഷണൽ ജില്ലാ കോടതി നേരത്തെ വിധിച്ചിരുന്നു. ചെന്താമരക്കെതിരെ ചുമത്തിയ കൊലക്കുറ്റം അടക്കമുള്ള കുറ്റങ്ങളെല്ലാം തെളിഞ്ഞിരുന്നു. സജിത കൊലക്കേസിൽ റിമാൻഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. ഈ ഇരട്ടക്കൊല പാതകത്തിന് പിന്നാലെയാണ് സജിത കൊലക്കേസിൽ ആറു വർഷങ്ങൾക്കു ശേഷം വിചാരണ നടപടികൾ പൂർത്തിയാക്കിയാണ് കോടതി ഇന്ന് വിധി പറഞ്ഞത്.
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി എന്ന് സംശയിച്ചായിരുന്നു ക്രൂര കൊലപാതകം. സാഹചര്യ തെളിവുകളും പ്രതിയുടെ ഭാര്യ അടക്കം അൻപത് സാക്ഷികളുടെ മൊഴിയുമാണ് കേസിൽ നിർണായകമായത്.