തിരുവമ്പാടി സ്വദേശിയെ കബളിപ്പിച്ച് പണം തട്ടിയതായി പരാതി
സുഹൃത്തിനെതിരെ 2.5 ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതി

തിരുവമ്പാടി: തിരുവമ്പാടി സ്വദേശിയെ കബളിപ്പിച്ച് 2.5 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മരക്കാട്ടുപുറം ഷിബുവാണ് തട്ടിപ്പിന് ഇരയായത്. സുഹൃത്ത് അനൂപാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പരാതി. സംഭവത്തിൽ താമരശ്ശേരി ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിരിക്കുകയാണ് ഷിബുവിൻ്റെ കുടുംബം.
ജപ്പാനിലേക്ക് പോകാൻ ജോബ് വിസ ശരിയാക്കി തരാം എന്ന് വിശ്വസിപ്പിച്ച് തിരുവമ്പാടി സ്വദേശിയായ ഷിബുവിനെ സുഹൃത്തും കോടഞ്ചേരി സ്വദേശിയുമായ അനൂപ് കബളിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. ഇതിനായി അനൂപിൽ നിന്ന് രണ്ടര ലക്ഷം രൂപ വാങ്ങുകയും, വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഷിബുവിൻ്റെ പേരിൽ അനൂപ് നിർമ്മിച്ചതായും ഷിബുവിൻ്റെ പിതാവ് പറഞ്ഞു.
സ്വർണാഭരണങ്ങൾ വിറ്റ പണമാണ് അനൂപിന് നൽകിയതെന്ന് ഷിബുവിൻ്റെ ഭാര്യ പറഞ്ഞു. സർട്ടിഫിക്കറ്റ് എങ്ങനെ ലഭിച്ചു എന്ന കാര്യത്തിൽ അടക്കം സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.