വാടക കാറിൽ കറങ്ങി നഗരങ്ങളിൽ മോഷണം; കിഴക്കോത്ത് സ്വദേശിയായ യുവാവ് അറസ്റ്റിൽ
സിസിടിവി പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു
കോഴിക്കോട്: കാർ വാടക യ്ക്കെടുത്ത് നഗരത്തിലെത്തി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക്(35)നെ സിറ്റി ക്രൈം സ്‌ക്വാഡും, ഇൻസ്പെക്ടർ ബൈജു കെ.ജോസിന്റെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് പോലീസും ചേർന്ന് പിടികൂടി. കഴിഞ്ഞ മാസം കോവൂർ ഫ്ലാറ്റിൽ മടവൂർ സ്വദേശിയുടെ ലാപ്ടോപ്പും ടാബും മോഷണം നടത്തിയ കേസിൻ്റെ അന്വേഷണത്തിന് ഇടയിലാണ് പ്രതി അറസ്റ്റിലായത്.
സിസിടിവി പരിശോധനയിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇതിനിടെ, മോഷ്ടിച്ച ലാപ്ടോപ്പും ടാബും വിൽപ്പന നടത്തി പ്രതി ചെന്നൈയിലേക്ക് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം പ്രതി ചെന്നൈയിൽ നിന്നു കാർ വാടകയ്ക്കെടുത്ത് തമിഴ്നാട്ടിൽ നിന്നു മോഷ്ടിച്ച ഫോണും പാലക്കാട് കൊപ്പത്തു നിന്നു മോഷ്ടിച്ച ഐഫോണും മറ്റൊരു ഫോണും നഗരത്തിൽ വിൽപ്പന നടത്താൻ വരികയായിരുന്നു. വിവരം ലഭിച്ചതോടെ പോലീസ് പിന്തുടർന്ന് പ്രതിയെ പിടികൂടി.

