ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദനം: ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിൽ
യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു
കോട്ടയം: കോട്ടയത്ത് ആഭിചാര ക്രിയകളുടെ പേരിൽ യുവതിക്ക് മർദനം. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും അറസ്റ്റിലായി. തിരുവഞ്ചൂരിലാണ് സംഭവം. യുവതിയുടെ ശരീരത്തിൽ നിന്ന് ദുരാത്മക്കളെ ഒഴിപ്പിക്കാനെന്ന പേരിലാണ് ആഭിചാര ക്രിയ നടത്തിയത്. യുവതിക്ക് മദ്യം നൽകുകയും ബീഡി വലിപ്പിക്കുകയും ഭസ്മം തീറ്റിക്കുകയും ചെയ്തു. ഭർത്താവ് അഖിൽദാസ്, ഇയാളുടെ അച്ഛൻ ദാസ്, തിരുവല്ല സ്വദേശി മന്ത്രവാദി ശിവദാസ് എന്നിവരാണ് പിടിയിലായത്
ഈ മാസം രണ്ടാം തീയതി പകൽ 11 മണി മുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാര ക്രിയകൾ നടന്നതായാണ് യുവതിയുടെ പിതാവ് പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നത്. യുവതിയുടെ ഭർത്താവ് അഖിൽ ദാസിന്റെ പ്രായം 26 വയസ്സ് മാത്രമാണ്. അഖിൽ ദാസും ഇയാളുടെ അച്ഛനും തിരുവല്ലയ്ക്കടുത്തുള്ള മന്ത്രവാദിയും ചേർന്നാണ് ആഭിചാര കർമ്മങ്ങൾ നടത്തിയത്.
യുവതിയുടെ ശരീരത്തിൽ മരിച്ചുപോയ ചില ബന്ധുക്കളുടെ ആത്മാക്കൾ കയറിയിട്ടുണ്ടെന്നും അത് ഒഴിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ക്രിയകൾ നടത്തിയത് എന്നുമാണ് പറയുന്നത്. ക്രൂര മർദനമേറ്റ യുവതി ഇത് അച്ഛനോട് പറയുകയും അച്ഛൻ പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്.

