ബഹറൈൻ മനാമയിൽ നടന്ന സ്വർണ കവർച്ച കേസിൽ പേരാമ്പ്ര, കൊയിലാണ്ടി സ്വദേശികൾ അറസ്റ്റിൽ
മുൻപും സ്വർണ്ണ കവർച്ച, തട്ടിപ്പറിക്കൽ കേസുകളിൽ പ്രതികൾ
കോഴിക്കോട്: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ നടന്ന സ്വർണ കവർച്ച കേസിൽ അഞ്ച് മലയാളികൾ അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്ര സ്വദേശികളായ ബാസിം, അസ്ലം, ഷെരീജ്, സ്വാലി കൂടാതെ കൊയിലാണ്ടി നന്തി സ്വദേശി മുഹമ്മദ് ഷനീർ എന്നിവരെയാണ് ബഹ്റൈൻ പോലീസ് പിടികൂടിയത്.
അറസ്റ്റിലായ പ്രതികളിൽ ചിലർ മാരക മയക്കുമരുന്നായ എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ നേരത്തെ തന്നെ പോലീസ് നിരീക്ഷണത്തിൽ ഉള്ളവരായിരുന്നു. ഇവർക്ക് മുൻപും നിരവധി സ്വർണ്ണ കവർച്ചയും തട്ടിപ്പറിക്കൽ കേസുകളും ഉണ്ടായിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇതിനൊപ്പം സ്വർണ്ണ തട്ടിയെടുക്കൽ വിവാദത്തെ തുടർന്ന് നടന്ന ബോംബാക്രമണ കേസിലും പ്രതികളുടെ പങ്ക് കണ്ടെത്തിയിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി സ്വർണ്ണ കവർച്ചാ ശൃംഖലയും ലഹരി മരുന്ന് കടത്തും സംബന്ധിച്ച കൂടുതൽ ബന്ധങ്ങൾ അന്വേഷിച്ചുവരികയാണ്. രാജ്യത്ത് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കടുത്ത ജയിൽശിക്ഷയും നാടുകടത്തലും ലഭിക്കുമെന്നും ബഹ്റൈൻ പോലീസ് മുന്നറിയിപ്പ് നൽകി. അന്വേഷണം കൂടുതൽ വ്യാപകമാക്കിയിരിക്കുക യാണെന്നും അധികം പോലീസിനെയും ക്രൈം ബ്രാഞ്ച് വിഭാഗങ്ങളെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

