കുറ്റ്യാടി കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപ്പന നടത്തുന്ന യുവാവ് പൊലീസ് പിടിയിൽ
പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു
പെരുവണ്ണാമൂഴി: കുറ്റ്യാടി കേന്ദ്രീകരിച്ച് ആവശ്യക്കാർക്ക് ബ്രൗൺഷുഗർ വിൽപ്പന നടത്തിയ യുവാവ് പൊലീസ് പിടിയിൽ. ആസാം നാഗോൺ സ്വദേശി അബ്ദുൾ റോഹിം ആണ് പിടിയിലായത്. ഇയാളിൽ നിന്നും മൂന്നു ബോട്ടിലുകളിലായി സൂക്ഷിച്ച 220 മില്ലിഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു.
ഇയാൾ നേരത്തെ കുറ്റ്യാടിയിലാണ് താമസിച്ചിരുന്നത്. നിലവിൽ കിഴക്കൻ പേരാമ്പ്ര വിളയാട്ടുകണ്ടി മുക്കിലാണ് താമസം.
രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പെരുവണ്ണാമൂഴി എസ്.ഐ.ജിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും, പേരാമ്പ്ര ഡി.വൈ.എസ്.പി രാജേഷിൻ്റെ കീഴിലുള്ള സ്ക്വാഡിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ വിനീഷ് ടി, സിഞ്ചുദാസ് പെരുവണ്ണാമൂഴി സ്റ്റേഷനിലെ എസ് സി.പി.ഒ മാരായ അനൂപ്, ഷാനവാസ് എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായും പോലീസ് അറിയിച്ചു.

