ആഞ്ഞോളി മുക്ക് സ്വദേശി റെജി എന്ന റജീഷിനെ കാപ്പ ചുമത്തി നാടുകടത്തി
നിരവധി അടിപിടി കേസുകളിലും, മോഷണ കേസുകളിലും ഉൾപ്പെട്ടതിനാലാണ് നടപടി
പേരാമ്പ്ര: നിരവധി കേസുകളിൽ പ്രതിയായ ആഞ്ഞോളി മുക്ക് സ്വദേശിയായ യുവാവിനെ കാപ്പ കേസിൽ നാടു കടത്തി. നടുവണ്ണൂർ ആഞ്ഞോളി മുക്കിൽ കളയം കുളത്ത് റെജി എന്നറിയപ്പെടുന്ന റജീഷ് (36) നെയാണ് ആറുമാസക്കാലത്തേക്ക് കോഴിക്കോട് റവന്യൂ ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി നാടുകടത്തിയത്.
അടിപിടി കേസുകളിലും, മോഷണ കേസുകളിലും ഉൾപ്പെട്ടതിനാലാണ് പ്രതിക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചത്. പേരാമ്പ്ര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജംഷീദ്. പി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ റെയിഞ്ച് ഡി.ഐ.ജി.യുടെ ഉത്തരവ് പ്രകാരമാണ് നാടുകടത്തിയത്.
പേരാമ്പ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ കൈതക്കൽ എന്ന സ്ഥലത്ത് നിർത്തിയിട്ട ടൂറിസ്റ്റ് ബസ് രാത്രി മോഷ്ടിച്ച് കൊണ്ടു പോയ കേസിലാണ് പ്രതിയെ അവസാനമായി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്‌ത പ്രതി റിമാൻഡിൽ ആയിരുന്നു. പ്രതി നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടു വന്നതിനാലാണ് പ്രതിക്കെതിരെ കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചത്.

