അയൽവീട്ടിൽ അതിക്രമിച്ചുകയറി, വീട്ടമ്മയുടെ സ്വർണമാലപൊട്ടിച്ചോടിയ യുവതി അറസ്റ്റിൽ
ഇക്കഴിഞ്ഞ ശനിയാഴ്ച്‌ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം
കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിലെ ചമൽ പൂവൻമലയിൽ മുളകു പൊടിയുമായെത്തി അയൽവീട്ടിൽ അതിക്രമിച്ചു കയറി, ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ സ്വർണമാലപൊട്ടിച്ചോടിയ കേസിൽ യുവതി അറസ്റ്റിൽ. ചമൽ പൂവൻമല വാണിയപുറായിൽ വി.എസ്. ആതിരയെന്ന ചിന്നു(26)വിനെയാണ് എസ്ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ താമരശ്ശേരി പോലീസ് അറസ്റ്റുചെയ്തത്. അയൽ വാസിയായ ചമൽ പൂവൻമല പുഷ്പവല്ലി(63)യെ ആക്രമിച്ച് രണ്ടുപവൻ സ്വർണമാല പൊട്ടിച്ച് കവർന്നെന്ന പരാതിയിലാണ് നടപടി.
ഇക്കഴിഞ്ഞ ശനിയാഴ്ച്‌ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കുതാമസിച്ചുവരുന്ന പുഷ്പവല്ലി വീടിന്റെ വരാന്തയിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ, പുറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. സിറ്റൗട്ടിൽ മുളകുപൊടിവിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തി പ്പിടിച്ച് തടഞ്ഞുവെക്കുകയും വലിച്ചിഴച്ച് ഡൈനിങ് ഹാളിലേക്ക് കൊണ്ടു പോവാൻ ശ്രമിക്കുകയുമായിരുന്നു.

