പുതുവർഷാഘോഷത്തിനായി എത്തിച്ച എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ
മോഡേൺ ബസാറിന് സമീപത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയ കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു
കോഴിക്കോട്: പുതുവർഷാഘോഷത്തിനായി കൊണ്ടുവന്ന എംഡിഎംഎയുമായി നാല് യുവാക്കൾ പിടിയിൽ. പൊക്കുന്ന് സ്വദേശികളായ പേരാച്ചിക്കുന്ന് കോരപ്പൻ കണ്ടി വീട്ടിൽ ശരത് (29), മേലേപടിഞ്ഞാത്ത് പറമ്പിൽ ആകാശ് (25), റംഷീദ് മൻസിലിൽ മുഹമ്മദ് ഷംജാദ് (25), ഗോവിന്ദപുരം സ്വദേശി തെക്കേപ്പാലം കാർത്തിക ഹൗസിൽ രാഹുൽ (25) എന്നിവരെയാണ് നല്ലളം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 4.580 ഗ്രാം എംഡിഎംഎയും പിടിച്ചു.
ബുധനാഴ്‌ച രാത്രി പട്രോളിങ്ങിനിടെയാണ് ചെറുവണ്ണൂർ മോഡേൺ ബസാറിന് സമീപത്തെ പാർക്കിങ് ഏരിയയിൽ നിർത്തിയിരുന്ന കാർ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. പൊലീസിനെ കണ്ടതോടെ യുവാക്കൾ രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പോലീസ് വാഹനം തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് എൻഡിഎംഎയും അനുബന്ധ സാധനങ്ങളും കണ്ടെടുത്തത്. മാങ്കാവ്, രാമനാട്ടുകര, ഫറോക്ക് തുടങ്ങിയ ഭാഗങ്ങളിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും മയക്കുമരുന്ന് എത്തിക്കുന്നതാണ് ഇവരുടെ രീതി.

