മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്കൂളധികൃതർക്ക് വീഴ്ച:നടപടിയെടുക്കും
സംഭവം നടന്ന് രണ്ടാഴ്ച്‌ചയ്ക്ക് ശേഷമാണ് പരാതി നൽകിയത്
പാലക്കാട്: മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ സ്കൂളധികൃതർക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. സംഭവം നടന്നതറിഞ്ഞ് രണ്ടാഴ്ച്‌ചയ്ക്ക് ശേഷമാണ് സ്കൂളധികൃതർ പരാതി നൽകിയത്. ഇതിൽ സ്കൂളിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. കേസിൽ അധ്യാപകനായ കൊല്ലങ്കോട് സ്വദേശി എൽ. അനിലിനെ (35) ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. പോക്ക്സോയ്ക്ക് പുറമേ പട്ടികജാതി-പട്ടികവർഗക്കാർക്ക് നേരെയുള്ള അതിക്രമംതടയൽ വകുപ്പും ചേർത്താണ് കേസ്. നവംബർ 29-ന് നടന്ന സംഭവം ഡിസംബർ 18-നാണ് വിദ്യാർത്ഥി സുഹൃത്തിനോട് പറയുന്നത്.
സുഹൃത്തിന്റെ അമ്മ സ്‌കൂളധികൃതരെ അറിയിക്കുകയും വീട്ടുകാരെ അറിയിക്കുകയും മാത്രമാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ വകുപ്പിനെയോ ശിശുക്ഷേമസമിതിയെയോ പോലീസിനെയോ വിവര മറിയിക്കാതിരുന്നതിൽ തിങ്കളാഴ്‌ച ചേർന്ന രക്ഷിതാക്കളുടെ യോഗത്തിലും സ്കൂളധികൃതർ ക്കെതിരെയും കടുത്ത വിമർശമാണ് ഉയർന്നത്.

