എംഡിഎം എ പിടിച്ച കേസിലെ ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി
എസ്എച്ച്ഒ താമസിച്ച വീട്ടിൽ നിന്നാണ് ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടികൂടിയത്
കരിപ്പൂർ: എംഡിഎം എ പിടികൂടിയ കേസിൽ ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി കരിപ്പൂരിൽ പൊലീസിന്റെ വിചിത്ര നടപടി. എസ്എച്ച്ഒ എം അബ്ബാസലിയെയാണ് ഡിറ്റക്ടിങ് ഓഫീസറാക്കിയത്. എസ്എച്ച്ഒ അടുത്ത കാലം വരെ താമസിച്ച വീട്ടിൽ നിന്നാണ് ഇന്നലെ 40 ഗ്രാം എംഡിഎംഎ പിടികൂടിയത്. വീട്ടുടമയായ മുഹമ്മദ് കബീറിന് എസ്എച്ച്ഒയുമായി അടുത്ത ബന്ധമുണ്ടെന്ന് എസ്എസ്ബി ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു. 3 മാസം മുൻപാണ് ലഹരിമാഫിയ ബന്ധമുള്ള പ്രതി മുഹമ്മദ് കബീറിൻ്റെ വാടക വീട്ടിൽ നിന്ന് മാറി താമസിക്കണമെന്ന് എസ് എച്ച് ഒക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നിർദേശം നൽകിയത്. എന്നാൽ ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ച് മാസങ്ങളോളം അബ്ബാസലി അതേ വീട്ടിൽ തുടരുകയായിരുന്നു. ഒടുവിൽ കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞത്.
മുഹമ്മദ് കബീർ ഉൾപ്പടെ 5 പ്രതികളെ വലയിലാക്കിയത് എസ്പിയുടെ ഡാൻസാഫ് സംഘമാണ്. നാർകോട്ടിക് ഡിവൈഎസ്പിയും സ്ഥലത്തുണ്ടായിരുന്നു. മുഖ്യപ്രതിയുമായി അടുത്ത് ബന്ധമുള്ള എസ്എച്ച്ഒ എം അബ്ബാസലിയെ ഡിറ്റെക്ടിങ് ഉദ്യോഗസ്ഥനാക്കിയതിൽ സംശയം ഉയരുന്നുണ്ട്.

