മാളിക്കടവ് കൊലപാതകം: സംഭവസ്ഥലത്ത് പരിശോധന നടത്തി പൊലീസ്
ഈ മാസം 24 നാണ് മാളിക്കടവിൽ പ്രവർത്തിക്കുന്ന വൈശാഖിൻ്റെ ഇൻഡസ്ട്രീസിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് : മാളിക്കടവിലെ 26കാരിയുടെ കൊലപാതകത്തില്‍ കൊല നടത്തിയ സ്ഥലത്ത് പരിശോധന നടത്തി പൊലീസ്. എലത്തൂർ പൊലീസിൻ്റെ നേതൃത്വത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധരാണ് പരിശോധന നടത്തിയത്. പ്രതി വൈശാഖനായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. ഈ മാസം 24 നാണ് മാളിക്കടവിൽ പ്രവർത്തിക്കുന്ന വൈശാഖിൻ്റെ ഇൻഡസ്ട്രീസിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒരുമിച്ച് ആത്മഹത്യ ചെയ്യാം എന്ന് പറഞ്ഞ് വിളിച്ചുവരുത്തി 26കാരിയെ വൈശാഖ് കൊലപ്പെടുത്തുകയായിരുന്നു. സി സി ടി വി പരിശോധനയിലാണ് കൊലപാതകം തെളിഞ്ഞത്. പ്രതി വൈശാഖ് നിലവില്‍ റിമാൻ്റിലാണ്. കൊലപാതകം നടന്ന കടയിൽ എലത്തൂർ പൊലീസിൻ്റെ നേതൃത്വത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തി. കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതിയിലാണ് എലത്തൂർ പൊലീസ് അപേക്ഷ സമർപ്പിച്ചത്. കൂടുതൽ ചോദ്യം ചെയ്യാനും തെളിവുകൾ കണ്ടെത്താനും അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.
പെൺ സുഹൃത്തായ 26 കാരിയെ ഒരുമിച്ചു മരിക്കാം എന്നു പറഞ്ഞ് വിളിച്ചുവരുത്തി ജ്യൂസിൽ ഉറക്കു ഗുളിക കലർത്തി നൽകി കഴുത്തിൽ കുരുക്കിട്ടു പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം, പീഡനം വകുപ്പുകൾക്ക് പുറമേ പോക്സോ വകുപ്പും പോലീസ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്

