ട്യൂഷൻ ക്ലാസിലേക്ക് പോയ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ഒൻപത് വർഷം കഠിന തടവ്
തടവ് ശിക്ഷയ്ക്ക് പുറമെ 17,000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു
പേരാമ്പ്ര: ട്യൂഷൻ കലാസ്സിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ഒൻപത് വർഷം കഠിന തടവ് വിധിച്ചു. പേരാമ്പ്ര തണ്ടോപാറ സ്വദേശി സായൂജിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. തടവ് ശിക്ഷയ്ക്ക് പുറമെ 17,000 രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.
2024 ഫെബ്രുവരി പത്തിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. രാവിലെ ട്യൂഷൻ ക്ലാസിലേക്ക് പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിയെ ട്യൂഷൻ ക്ലാസ്സിൽ ഇറക്കാമെന്ന് പറഞ്ഞു ബൈക്കിൽ കയറ്റുകയും വിജനമായ സ്ഥലത്തെത്തിച്ച് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നുമാണ് കേസ്.പേരാമ്പ്ര പൊലിസ് അന്വേഷിച്ച കേസ് കൃത്യമായ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. വിചാരണ സമയത്തു 10 സാക്ഷികളെ കോടതി വിസ്തരിക്കുകയും 19 പ്രധാന രേഖകൾ പ്രോസിക്യൂട്ടർ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ കോടതിയിൽ ഹാജരായി.

